കിഴക്കമ്പലത്ത് വിളക്കണയ്ക്കല്‍ സമരത്തിനിടെ മര്‍ദ്ദനമേറ്റ ട്വന്റി20 പ്രവര്‍ത്തകന്‍ മരിച്ചു
കിഴക്കമ്പലം പഞ്ചായത്തില്‍ സമരത്തിനിടെ മര്‍ദ്ദനമേറ്റ ട്വന്റി 20 പ്രവര്‍ത്തകന്‍ മരിച്ചു. കാവുങ്ങല്‍പറമ്പ് വാര്‍ഡില്‍ ചായാട്ടുചാലില്‍ ദീപു (38) ആണ് മരിച്ചത്. ശനിയാഴ്ചയാണ് ദീപുവിന് മര്‍ദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ദീപുവിനെ ആലുവ രാജഗിരി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ദീപുവിനെ മര്‍ദ്ദിച്ചത് സിപിഎം പ്രവര്‍ത്തകരാണെന്ന് ട്വന്റി 20 ആരോപിച്ചു.
ട്വന്റി 20 ഭരിക്കുന്ന കിഴകമ്പലം പഞ്ചായത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ച സ്ട്രീറ്റ് ലൈറ്റ് ചാലഞ്ച് പദ്ധതിയെ കുന്നത്തുനാട് എംഎല്‍എ ശ്രീനിജന്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു സമരം. ശനിയാഴ്ച വൈകിട്ട് 7നും 7.15നും ഇടയില്‍ വീടുകളിലെ വിളക്കുകള്‍ അണച്ച് പ്രതിഷേധിക്കാനായിരുന്നു നീക്കം. ഇതിനിടെ നാലു സിപിഎം പ്രവര്‍ത്തകര്‍ ദീപുവിനെ മര്‍ദ്ദിച്ചുവെന്നാണ് ട്വന്റി 20 ആരോപിക്കുന്നത്.
ശനിയാഴ്ച വൈകിട്ട് നാലു പേര്‍ തന്റെ മകനെ ജാതിപ്പേര് വിളിച്ച് വീട്ടില്‍ നിന്ന് ഇറക്കി ആക്ഷേപിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ദീപുവിന്റെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തോട് അനുബന്ധിച്ച് നാല് സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സൈനുദ്ദീന്‍ സലാം, അബ്ദുള്‍ റഹ്‌മാന്‍, ബഷീര്‍, അസീസ് എന്നിവരാണ് പിടിയിലായത്.