ഇലക്ട്രിക് സ്‌കൂട്ടറിലെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് അച്ഛനും മകളും മരിച്ചു
ചെന്നൈ: ചാര്‍ജ് ചെയ്യാന്‍ വെച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചുണ്ടായ തീപ്പിടിത്തത്തില്‍ അച്ഛനും മകളും മരിച്ചു. വെല്ലൂര്‍ ചിന്ന അല്ലാപുരം ബലരാമന്‍ തെരുവില്‍ സ്റ്റുഡിയോ ഉടമയായ ദുരൈവര്‍മ (49), മകള്‍ മോഹനപ്രീതി (13) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം.
വീടിന്റെ വരാന്തയില്‍ ചാര്‍ജ് ചെയ്യാനിട്ടിരിരുന്ന സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടിക്കുകയായിരുന്നു. ആസ്ബസ്റ്റോസ് മേല്‍ക്കൂരയോടു കൂടിയ വീടിന് ജനലുകള്‍ ഇല്ലായിരുന്നു. തീ ആളിപ്പടര്‍ന്നതോടെ പുറത്തു വരാനാകാതെ മുറിയില്‍ കുടുങ്ങിയ ഇരുവരും പുക ശ്വസിച്ചാണ് മരിച്ചത്. പഴയ വയറിംഗിലെ സോക്കറ്റിലായിരുന്നു സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യാനിട്ടത്.
ദുരൈവര്‍മയുടെ ഭാര്യ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ 10 വയസുകാരനായ മകന്‍ തൊട്ടടുത്ത ബന്ധുവീട്ടില്‍ ആയിരുന്നതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.