കെഎസ്ആര്‍ടിസി സ്വിഫ്റ്റിനായി കൊണ്ടുവന്ന എസി ബസ് വാഹനങ്ങളില്‍ ഇടിച്ചു; ബസിനുള്ളില്‍ മദ്യക്കുപ്പി, കസ്റ്റഡിയില്‍ എടുത്ത് പോലീസ്

 | 
KSRTC Swift

 കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് വേണ്ടി കൊണ്ടുവന്ന എസി ബസ് മറ്റു വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു. തിരുവനന്തപുരത്ത് അമരവിളയിലാണ് സംഭവം. അമരവിള സ്വദേശി ദീപുവിന്റെ കാറിന് പിന്നില്‍ ബസ് ഇടിക്കുകയായിരുന്നു. ബസ് അമിത വേഗതയില്‍ ആയിരുന്നുവെന്നും മറ്റു വാഹനങ്ങളിലും തട്ടിയിരുന്നതായും ദീപു പറഞ്ഞു. ദീപു നല്‍കിയ പരാതിയില്‍ ബസും ഡ്രൈവര്‍ മുനിയപ്പ രാമസ്വാമിയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. 

ബസില്‍ നിന്ന് മദ്യക്കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ ഡ്രൈവര്‍ മദ്യലഹരിയില്‍ അല്ലായിരുന്നെന്ന് പോലീസ് അറിയിച്ചു. പിന്നീട് കെഎസ്ആര്‍ടിസി അധികൃതരുമായി സംസാരിച്ച ശേഷം ബസ് വിട്ടു നല്‍കുകയായിരുന്നു. അശോക് ലൈലാന്‍ഡ് എസി ബസാണ് അപകടമുണ്ടാക്കിയത്. 

ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി കെഎസ്ആര്‍ടിസി രൂപീകരിച്ച സ്വിഫ്റ്റിന് വേണ്ടി 8 വോള്‍വോ സ്ലീപ്പറുകളും 20 എസി സീറ്ററുകളും 78 നോണ്‍ എസി സീറ്ററുകളുമാണ് സര്‍വീസിന് ഒരുങ്ങുന്നത്. ബംഗളൂരുവിലെ പ്രകാശ് കോച്ച് ബില്‍ഡേഴ്‌സിലാണ് ഇവ നിര്‍മിച്ചത്.