കോഴിക്കോട് ഉപ്പിലിട്ടതു വില്‍ക്കുന്ന കടയില്‍ നിന്ന് എടുത്തു കുടിച്ചത് ആസിഡ്; രണ്ടു കുട്ടികള്‍ക്ക് പൊള്ളലേറ്റു
കോഴിക്കോട് വരക്കല്‍ ബീച്ചില്‍ ഉപ്പിലിട്ടത് വില്‍ക്കുന്ന കടയില്‍ സൂക്ഷിച്ചിരുന്ന കുപ്പിയില്‍ നിന്ന് വെള്ളമെന്ന് കരുതി ആസിഡ് കുടിച്ച കുട്ടികള്‍ക്ക് പൊള്ളലേറ്റു. കാസര്‍കോട് നിന്ന് മദ്രസ പഠനയാത്രയുടെ ഭാഗമായി കോഴിക്കോട് എത്തിയ തൃക്കരിപ്പൂര്‍ ആയട്ടി സ്വദേശികളായ മുഹമ്മദ് (14), സാബിദ് (14) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഉപ്പിലിട്ടത് കഴിച്ചപ്പോള്‍ എരിവ് തോന്നിയ കുട്ടി കടയില്‍ കണ്ട കുപ്പിയിലെ ദ്രാവകം എടുത്ത് കുടിച്ചു. ഇതോടെ വായ പൊള്ളിയ കുട്ടി ഛര്‍ദ്ദിക്കുകയും ഛര്‍ദ്ദില്‍ ദേഹത്ത് വീണ് അടുത്തയാള്‍ക്ക് പൊള്ളലേല്‍ക്കുകയുമായിരുന്നു.
കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് വിധേയമാക്കിയ ശേഷം കാസര്‍കോട്ടേക്ക് കൊണ്ടുപോയി. ഇവരെ കാസര്‍കോട്ട് ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്. ബീച്ചുകളില്‍ കാണുന്ന ഉപ്പിലിട്ടത് വില്‍ക്കുന്ന പെട്ടിക്കടകളില്‍ ആസിഡ് പോലെയുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതായി നേരത്തേ ആക്ഷേപം ഉയര്‍ന്നിരുന്നു.
ഇതേത്തുടര്‍ന്ന് മുന്‍പ് പരിശോധനകള്‍ നടന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യമായ പരിശോധനകള്‍ നടക്കാത്തതിനാല്‍ രാസവസ്തുക്കളുടെ ഉപയോഗം വ്യാപകമാണെന്നാണ് വിവരം.