നടന്‍ ദിലീപിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു

നടന്‍ ദിലീപിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യുന്നു. നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍. ആലുവ പോലീസ് ക്ലബ്ബില്‍ നടക്കുന്ന ചോദ്യം ചെയ്യല്‍ ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എസ്.ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഐജി കെ.പി.ഫിലിപ്പ്, ക്രൈംബ്രാഞ്ച് എസ്പിമാരായ കെ.എസ്.സുദര്‍ശന്‍, എം.ജെ.സോജന്‍, ഡിവൈഎസ്പി ബൈജു പൗലോസ് എന്നിവരാണ് ചോദ്യം ചെയ്യലില്‍ പങ്കെടുക്കുന്നത്.
ഫോണുകളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം നടക്കുന്ന ചോദ്യം ചെയ്യലില്‍ ഫോറന്‍സിക് തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ദിലീപില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ചറിയുക. ഫോണുകള്‍ മുംബൈയിലെ ലാബില്‍ അയച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം നടന്നതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. നശിപ്പിച്ച വിവരങ്ങളില്‍ സുപ്രധാനമായ പലതും വീണ്ടെടുക്കാനും സാധിച്ചിട്ടുണ്ട്.
സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചനാ കേസിലാണ് ഫോണ്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം നടന്നത്.