തിരുവനന്തപുരത്ത് റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്ന അജീഷ് നിരവധി കേസുകളില്‍ പ്രതി; ഭാര്യയും കൊലക്കേസ് പ്രതി

 | 
Ajeesh

തിരുവനന്തപുരം, തമ്പാനൂരില്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്ന അജീഷ് നിരവധി കേസുകളില്‍ പ്രതിയെന്ന് പോലീസ്. നെടുമങ്ങാട് പോലീസ് സ്‌റ്റേഷനില്‍ റൗഡി ലിസ്റ്റിലുള്ള ഇയാള്‍ നിലവില്‍ 9 കേസുകളില്‍ പ്രതിയാണ്. പോത്ത് ഷാജിയെന്ന ഗുണ്ടയെ കൊലപ്പെടുത്തിയ കേസിലും ആറ്റിങ്ങല്‍ കോരാണിയില്‍ ഭാര്യയുടെ കാമുകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്. 

റിസപ്ഷനിസ്റ്റ് അയ്യപ്പനെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട ഇയാളെ പോലീസ് പിടികൂടുമ്പോള്‍ കഞ്ചാവ് ലഹരിയിലായിരുന്നു. ഇയാള്‍ കഞ്ചാവിന് അടിമയാണെന്നും പോലീസ് അറിയിച്ചു. ലഹരിയില്‍ അക്രമസക്തനായ ഇയാളെ പോലീസിന് ചോദ്യം ചെയ്യാനായിട്ടില്ല. കസ്റ്റഡിയില്‍ എടുത്തപ്പോള്‍ വാഹനത്തിനുള്ളില്‍ വെച്ച് പോലീസിനെ ആക്രമിക്കാനും ഇയാള്‍ ശ്രമിച്ചിരുന്നു. 

മൂന്നു മസം മുന്‍പ് ഭാര്യയുമായി ഹോട്ടലില്‍ താമസിക്കാനെത്തിയപ്പോള്‍ റിസപ്ഷനിസ്റ്റ് അയ്യപ്പനുമായി തര്‍ക്കമുണ്ടായെന്നും അയ്യപ്പന്‍ അസഭ്യം പറഞ്ഞതാണ് കൊലയ്ക്ക് കാരണമെന്നുമാണ് അജീഷ് പോലീസിന് മൊഴി നല്‍കിയത്. അതേസമയം ഇയാളും അയ്യപ്പനുമായി മറ്റെന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. 

അജീഷിന്റെ ഭാര്യ രഞ്ജിനിയും കൊലക്കേസ് പ്രതിയാണ്. കരമനയിലെ ലോഡ്ജ് മുറിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഇവര്‍ വിചാരണ നേരിടുകയാണ്.