വഞ്ചിച്ചെന്ന് അമല പോളിന്റെ പരാതി; മുന്‍ കാമുകന്‍ ഭവ്‌നീന്ദര്‍ സിംഗ് അറസ്റ്റില്‍

 | 
amala

തന്നെ വഞ്ചിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാണിച്ച് നടി അമല പോള്‍ നല്‍കിയ പരാതിയില്‍ മുന്‍ കാമുകനും ഗായകനുമായ ഭവ്നിന്ദര്‍ സിങ് അറസ്റ്റില്‍. വില്ലുപുരം ജില്ലാ ക്രൈം ബ്രാഞ്ച് പൊലീസിന് നടി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നും സാമ്പത്തികമായും മാനസികമായും ജീവിതത്തില്‍ ബുദ്ധിമുട്ട് ഉണ്ടായെന്നുമാണ് പരാതിയിലെ ആരോപണം. 

2018ല്‍ സ്വകാര്യമായി നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ വിവാഹം കഴിഞ്ഞെന്ന രീതിയില്‍ തെറ്റായി പ്രചരിപ്പിച്ചെന്നും മാനസിമായി പീഡിപ്പിച്ചെന്നും കാട്ടി 2020 നവംബറില്‍ ഭവ്‌നിന്ദറിനെതിരെ നടി ചെന്നൈ ഹൈക്കോടതിയില്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തിരുന്നു. ഈ പരാതിയില്‍ ഭവ്‌നിന്ദറിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. 

അമല പോളും ഭവ്നിന്ദറും സിനിമാ ബിസിനസുമായി ബന്ധപ്പെട്ട ഒരു സ്ഥാപനം നടത്തിയിരുന്നു.  എന്നാല്‍ തന്റെ ഫണ്ടുകളും സ്വത്തുക്കളും ദുരുപയോഗം ചെയ്തതിലൂടെ ഇയാള്‍ തന്നെ മാനസികവും സാമ്പത്തികവുമായി സമ്മര്‍ദ്ദത്തിലാക്കിയെന്ന് അമല പോള്‍ പറയുന്നു. ഫോട്ടോഷൂട്ടിനെടുത്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച്, തന്റെ അനുമതി ഇല്ലാതെ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ബോധപ്പൂര്‍വമായി ശ്രമം നടത്തി എന്നും നടി ആരോപിച്ചു. 

2020 മാര്‍ച്ചിലാണ് പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരുടെ വേഷത്തില്‍ ഇരുവരും നില്‍ക്കുന്ന ചിത്രം ഭവ്‌നിന്ദര്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. ചിത്രങ്ങളെ ചൊല്ലിയുളള പ്രചരണങ്ങള്‍ വ്യാപകമായതോടെ ഭവ്‌നിന്ദര്‍ സിങ് അവ സമൂഹ മാധ്യമത്തില്‍ നിന്ന് നീക്കം ചെയ്തു. ചിത്രങ്ങള്‍ പിന്‍വലിച്ചെങ്കിലും വിവാഹചിത്രമെന്ന തരത്തില്‍ നിരവധി പേരാണ് അത് ഷെയര്‍ ചെയ്തത്.  'വിവാഹവാര്‍ത്ത' വന്നതോടെ ഇരുവരുമൊന്നിച്ചുള്ള ചില സ്വകാര്യചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.