സ്‌കൂളുകളില്‍ വാര്‍ഷിക പരീക്ഷകള്‍ ഏപ്രില്‍ 10ന് മുന്‍പ് നടത്തും; ഓണ്‍ലൈന്‍ ക്ലാസുകള്‍ ആവശ്യാനുസരണം മാത്രം ​​​​​​​

 | 
V-Sivankutty Minister

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകള്‍ ഏപ്രില്‍ 10ന് മുന്‍പ് നടത്താന്‍ തീരുമാനം. അധ്യാപക സംഘടനകളുമായി വിദ്യാഭ്യാസ മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. തിങ്കളാഴ്ച മുതല്‍ എല്ലാ ക്ലാസുകളും പുനരാരംഭിച്ചിരുന്നു. അടുത്ത തിങ്കളാഴ്ച മുതല്‍ സ്‌കൂളുകള്‍ വൈകുന്നേരം വരെ പ്രവര്‍ത്തിക്കാനും അനുമതി നേരത്തേ നല്‍കിയിരുന്നു. മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുമ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ബന്ധമാക്കില്ലെന്നാണ് സൂചന.

ഓണ്‍ലൈന്‍ ക്ലാസുകള്‍ ആവശ്യാനുസരണം നടത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം. ഓഫ്‌ലൈന്‍ ക്ലാസുകള്‍ക്ക് സമാന്തരമായി ഓണ്‍ലൈന്‍ ക്ലാസുകളും നടത്തണമെന്നതില്‍ നിര്‍ബന്ധബുദ്ധിയില്ല. ക്ലാസുകള്‍ ആവശ്യാനുസരണം നടത്തിയാല്‍ മതിയെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. സ്‌കൂളുകള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന് മുന്‍പായി ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് മുന്നൊരുക്കങ്ങള്‍ വിലയിരുത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

അതേസമയം ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയതിന് എതിരെ അധ്യാപക സംഘടനകള്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ക്ലാസ് സമയം വൈകുന്നേരം വരെയാക്കുന്നതിനാല്‍ ഈ തീരുമാനം പിന്‍വലിക്കണമെന്നാണ് കോണ്‍ഗ്രസ് അധ്യാപക സംഘടനയായ കെപിഎസ്ടിഎ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെടുന്നത്.