മഞ്ചേരി നഗരസഭാംഗത്തെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍

 | 
Abdul Jaleel

മഞ്ചേരി മുനിസിപ്പല്‍ കൗണ്‍സിലറായ അബ്ദുള്‍ ജലീലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. നെല്ലിക്കുത്ത് സ്വദേശി ഷംസീറാണ് പിടിയിലായത്. മറ്റൊരു പ്രതിയായ അബ്ദുള്‍ മജീദിനെ ബുധനാഴ്ച തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു. കൊച്ചു എന്ന പേരില്‍ അറിയപ്പെടുന്ന ഷുഹൈബിന് വേണ്ടി അന്വേഷണം തുടരുകയാണ്. 

ചൊവ്വാഴ്ച രാത്രിയായിരുന്നു അബ്ദുല്‍ ജലീല്‍ ആക്രമിക്കപ്പെട്ടത്. മഞ്ചേരി പയ്യനാട് വെച്ച് വാഹനത്തിന്റെ ലൈറ്റ് നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം പിന്നീട് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. തര്‍ക്കം പറഞ്ഞു തീര്‍ത്ത് യാത്ര തുടര്‍ന്ന അബ്ദുല്‍ ജലീലിന്റെ വാഹനത്തിന് നേരെ ബൈക്കിലെത്തിയ യുവാക്കള്‍ ആക്രമണം നടത്തുകയും പുറത്തിറങ്ങിയ അബ്ദുള്‍ ജലീലിന്റെ തലയ്ക്ക് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് പ്രഹരിക്കുകയുമായിരുന്നു. 

തലയിലും നെറ്റിയിലും മുറിവേറ്റ നിലയില്‍ ആശുപത്രില്‍ പ്രവേശിപ്പിച്ച അബ്ദുള്‍ ജലീലിനെ രണ്ട് അടിയന്തിര ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകീട്ടോടെ ആയിരുന്നു അന്ത്യം.