ഫൈനലിസിമയിൽ കിരീടം അർജന്റീനയ്ക്ക്; ഇറ്റലിയെ തകർത്തത് എതിരില്ലാത്ത 3 ​ഗോളിന്

 | 
argentina

 യൂറോ കപ്പ് - കോപ്പ അമേരിക്ക ചാമ്പ്യൻമാർ ഏറ്റുമുട്ടിയ ഫൈനലിസിമ കപ്പിൽ അർജന്റീനക്ക് തകർപ്പൻ ജയം. ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്കാണ് അർജന്റീന തോൽപ്പിച്ചത്.  ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജയിച്ചതോടെ  തുടർച്ചയായി 32 മത്സരങ്ങൾ പരാജയമറിയാതെ പൂർത്തിയാക്കാൻ അർജന്റീനയ്ക്കായി. 29 വർഷങ്ങൾക്ക് ശേഷമാണ് കോപ്പ-യൂറോ കപ്പ് ജേതാക്കൾ ഏറ്റുമുട്ടുന്ന മത്സരം നടക്കുന്നത്.

28-ാം മിനിറ്റിൽ ലൗറ്റാരോ മാർട്ടിനസിലൂടെ അർജന്റീന മുന്നിലെത്തി. ലയണൽ മെസ്സി നടത്തിയ മികച്ച ഒരു മുന്നേറ്റത്തിനൊടുവിൽ നൽകിയ അസിസ്റ്റ് മാർട്ടിനസ്  ​ഗോളാക്കിമാറ്റുകയായിരുന്നു.  ആദ്യ പകുതിയുടെ അധികസമയത്ത് ഏയ്ഞ്ചൽ ഡി മരിയ കോപ്പ രണ്ടാം ​ഗോൾ നേടി. മാർട്ടിനസ് നൽകിയ അസിസ്റ്റിലാണ്  ഡി മരിയ ഗോൾ നേടിയത്. കളി അവസാനിക്കാൻ ഏതാനും നിമിഷങ്ങൾ ബാക്കി നിൽക്കെ ഇൻജുറി ടൈമിന്റെ അവസാന മിനിറ്റിൽ മെസ്സിയുടെ ഒരു മുന്നേറ്റത്തിനൊടുവിൽ പന്ത് ലഭിച്ച പൗലോ ഡിബാല ​ഗോളാക്കി മാറ്റി. 

ഈ മത്സരത്തോടെ ഇറ്റലിയുടെ ഇതിഹാസ താരം ജോർജിയോ ചെല്ലിനി അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു. 2004-ൽ ഇറ്റലിയ്ക്ക് വേണ്ടി അരങ്ങേറ്റം നടത്തിയ ചെല്ലിനി 117 മത്സരങ്ങൾ കളിച്ചു.