17 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പത്തനംതിട്ടയില്‍ വൈദികന്‍ പോക്‌സോ കേസില്‍ പിടിയില്‍
പത്തനംതിട്ടയില്‍ ഓര്‍ത്തഡോക്‌സ് വൈദികന്‍ പോക്‌സോ കേസില്‍ അറസ്റ്റിലായി. കൂടല്‍ ഓര്‍ത്തഡോക്‌സ് പള്ളി വികാരി, കൊടുമണ്‍ സ്വദേശിയായ പോണ്ട്‌സണ്‍ ജോണ്‍ ആണ് അറസ്റ്റിലായത്. 17കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് പത്തനംതിട്ട വനിതാ പോലീസ് വൈദികനെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെ കൊടുമണിലെ വീട്ടില്‍ നിന്ന് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
മാര്‍ച്ച് 12, 13 തിയതികളിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രാര്‍ത്ഥനയ്ക്കും കൗണ്‍സലിംഗിനുമായി എത്തിയ പെണ്‍കുട്ടിയെ കടന്നു പിടിച്ച് ചുംബിക്കുകയും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടിയെ വൈദികന്റെ വീട്ടില്‍ പ്രാര്‍ത്ഥനയ്ക്കായി കുട്ടിയുടെ അമ്മ തന്നെയാണ് മാര്‍ച്ച് 12ന് എത്തിച്ചത്.
രാത്രി 8.30ന് എത്തിയ കുട്ടിയെ വൈദികന്‍ വീട്ടിലെ മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയ വൈദികന്‍ ഇവിടെവെച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതേത്തുടര്‍ന്ന് മാനസിക വിഷമത്തിലായ പെണ്‍കുട്ടി സംഭവം സഹപാഠിയോട് വെളിപ്പെടുത്തി. പിന്നീട് ഇവര്‍ അധ്യാപികയെ വിവരം അറിയിക്കുകയും അധ്യാപിക പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.