നടിയെ ആക്രമിച്ച കേസില്‍ ജഡ്ജിയെ സ്വാധീനിക്കാനും ശ്രമം നടന്നു; തെളിവുകള്‍ പുറത്തുവിട്ട് ബാലചന്ദ്രകുമാര്‍

 | 
Dileep

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം ലഭിക്കുന്നതിനായി ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ പുറത്തുവിട്ട് ബാലചന്ദ്രകുമാര്‍. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സൂരജാണ് ജഡ്ജി സുനില്‍ തോമസിനെ സ്വാധീനിക്കാനുള്ള സാധ്യതകള്‍ തേടിയത്. ഇതിനായി നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സെന്റ് സാമുവലുമായി ബന്ധപ്പെടാനായിരുന്നു ശ്രമം. ഇതു സംബന്ധിച്ച് ബാലചന്ദ്രകുമാറുമായി സൂരജ് നടത്തിയ വാട്‌സാപ്പ് ചാറ്റ് ആണ് പുറത്തുവന്നത്. റിപ്പോര്‍ട്ടര്‍ ടിവിയാണ് സന്ദേശം പുറത്തു വിട്ടത്. 

2017 സെപ്റ്റംബര്‍ 13ന് രാത്രി നടത്തിയ ചാറ്റില്‍ നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സെന്റ് സാമുവലിനെ അറിയാമോ എന്ന് സൂരജ് ചോദിക്കുന്നു. അറിയാമെന്നും വേണമെങ്കില്‍ താന്‍ പോയിക്കാണാം എന്നും ബാലചന്ദ്രകുമാര്‍ മറുപടി നല്‍കുന്നു. എന്നാല്‍ ബിഷപ്പിനെ കാണേണ്ടതില്ല, ബിഷപ്പുമായി അടുത്ത ബന്ധമുള്ള ആളെ കണ്ടെത്തണമെന്ന നിര്‍ദേശമാണ് സൂരജ് ബാലചന്ദ്രകുമാറിന് നല്‍കുന്നത്. ബിഷപ്പിന് ജഡ്ജിയുമായി അടുപ്പമുണ്ടെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. 

ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ തെളിവുകളില്‍ ഒന്നാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. തനിക്ക് ബിഷപ്പിനെ അറിയാമെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞുവെന്നും ദിലീപിന് ജാമ്യം ലഭിക്കാന്‍ ബിഷപ്പിനെ കാണാമെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞുവെന്നുമായിരുന്നു ദിലീപ് കോടതിയില്‍ പറഞ്ഞിരുന്നത്. ജാമ്യം ലഭിച്ചതിന് ശേഷം ബിഷപ്പിന് നല്‍കാനെന്ന പേരില്‍ ബാലചന്ദ്രകുമാര്‍ പണം ആവശ്യപ്പെട്ടുവെന്നും നല്‍കാതിരുന്നതില്‍ ബാലചന്ദ്രകുമാറിന് തനിക്കെതിരെ ശത്രുതയുണ്ടായെന്നും ദിലീപ് പറഞ്ഞിരുന്നു.