നാല് സംസ്ഥാനങ്ങളില്‍ ബിജെപി മുന്നില്‍; പഞ്ചാബില്‍ ആം ആദ്മി മുന്നേറ്റം

 | 
Election

തെരഞ്ഞെടുപ്പു നടന്ന അഞ്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ തുടരുന്നു. ആദ്യഫല സൂചനകള്‍ അനുസരിച്ച് നാല് സംസ്ഥാനങ്ങളില്‍ ബിജെപിക്കാണ് മുന്‍തൂക്കം. പഞ്ചാബില്‍ കോണ്‍ഗ്രസിനെ പിന്‍തള്ളി ആം ആദ്മി പാര്‍ട്ടി മുന്നേറ്റം നടത്തുന്നു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. യുപിയിലെ 403 സീറ്റുകളില്‍ 220ലേറെ സീറ്റുകളില്‍ ബിജെപിക്കാണ് ലീഡ്. 

110ലേറെ സീറ്റുകളില്‍ സമാജ് വാദി പാര്‍ട്ടി ലീഡ് ചെയ്യുകയാണ്. 70 മണ്ഡലങ്ങളുള്ള ഉത്തരാഖണ്ഡില്‍ ബിജെപി 40ലേറെ സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 20 സീറ്റുകളില്‍ കോണ്‍ഗ്രസിന് ലീഡുണ്ട്. മണിപ്പൂരില്‍ 60ല്‍ 24 സീറ്റുകളില്‍ ബിജെപിക്കാണ് ലീഡ്. 14 സീറ്റുകളില്‍ കോണ്‍ഗ്രസും 9 സീറ്റുകളില്‍ എന്‍പിപിയും മറ്റുള്ളവര്‍ 13 സീറ്റുകളിലും മുന്നിട്ടു നില്‍ക്കുന്നു. 

ഗോവയിലെ 40 സീറ്റുകളില്‍ 18 ഇടത്ത് ബിജെപിയും 15 ഇടത്ത് കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു. ആറിടത്ത് എംജെപിക്കാണ് ലീഡ്. പഞ്ചാബില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചതുപോലെ ആം ആദ്മി പാര്‍ട്ടി മുന്നേറ്റം നടത്തുകയാണ്. 117 സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ 80ലേറെ സീറ്റുകളില്‍ എഎപി ലീഡ് ചെയ്യുന്നു. 

ഭരണകക്ഷിയായ കോണ്‍ഗ്രസിന് വെറും 19 സീറ്റുകളില്‍ മാത്രമാണ് ലീഡുള്ളത്. ശിരോമണി അകാലിദള്‍ 8 സീറ്റിലും ബിജെപി സഖ്യം 9 സീറ്റുകളിലും ലീഡ് ചെയ്യുന്നു. 59 സീറ്റുകള്‍ മാത്രം മതി കേവല ഭൂരിപക്ഷം നേടാന്‍ എന്നതിനാല്‍ പഞ്ചാബില്‍ ആംആദ്മി സര്‍ക്കാര്‍ ഉണ്ടായേക്കുമെന്നാണ് ആദ്യഫല സൂചനകള്‍.