മുസ്ലീം പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി ബിജെപി നിയമസഭാംഗത്തിന് വധഭീഷണി; ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ കര്‍ണാടകയില്‍ അറസ്റ്റില്‍

 | 
Bajrang Dal

മുസ്ലീം പേരില്‍ വ്യാജ ഫെയിസ്ബുക്ക് പ്രൊഫൈല്‍ നിര്‍മിച്ച് ബിജെപി നിയമസഭാംഗത്തിനെതിരെ ഭീഷണി മുഴക്കിയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ബാഗല്‍കോട്ട് പോലീസാണ് സിദ്ധാര്‍ത്ഥ് ശ്രീകാന്ത് (31) എന്ന ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തത്. ബെല്‍ഗാവി സ്വദേശിയായ ഇയാള്‍ ബിജെപി എംഎല്‍സിയായ ഡി.എസ്.അരുണിനെയാണ് വ്യാജ പ്രൊഫൈലില്‍ ഭീഷണിപ്പെടുത്തിയത്. മുഷ്താഖ് അലി എന്ന പേരിലായിരുന്നു വ്യാജ പ്രൊഫൈല്‍ നിര്‍മിച്ചത്.

ഹര്‍ഷ എന്ന ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് അരുണ്‍ ചെയ്ത ഫെയിസ്ബുക്ക് പോസ്റ്റിലാണ് മുഷ്താഖ് അലിയെന്ന വ്യാജ പ്രൊഫൈലില്‍ ഇയാള്‍ വിദ്വേഷ കമന്റ് ചെയ്തത്. ഒരു ഹിന്ദു പ്രവര്‍ത്തകന്‍ മാത്രമാണ് ഇപ്പോള്‍ കൊല്ലപ്പെട്ടത്. വരും ദിവസങ്ങളില്‍ നിങ്ങളുടെ ഭാര്യമാരും കുട്ടികളുമായിരിക്കും ഞങ്ങളുടെ ലക്ഷ്യം എന്നായിരുന്നു ശ്രീകാന്ത് ഈ പോസ്റ്റില്‍ കമന്റ് ചെയ്തത്. 

ഇതുസംബന്ധിച്ച് അരുണിന്റെ അനുയായിയായ വാഗീഷ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ബാഗല്‍കോട്ടിലെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ശ്രീകാന്തിന്റെ വ്യാജ ഐഡി പോലീസിന്റെ ശ്രദ്ധയില്‍ പെട്ടത്. ഇതോടെ ഇയാള്‍ പിടിയിലാകുകയായിരുന്നു.