വളഞ്ഞിട്ടു തല്ലി, വീട്ടില്‍ കയറി തേപ്പുപെട്ടി കൊണ്ട് തലക്കടിച്ചു; എസ്എഫ്‌ഐക്കെതിരെ ആക്രമണത്തിന് ഇരയായ കെ.എസ്.യു വനിതാ നേതാവ്

 | 
KSU Safna

തിരുവനന്തപുരം ലോ കോളേജ് സംഘര്‍ഷത്തെ കുറിച്ച് പ്രതികരിച്ച് ആക്രമണത്തിന് ഇരയായ കെ.എസ്.യു വനിതാ നേതാവ് സഫ്‌ന. രാത്രി കോളേജില്‍ നിന്ന് മടങ്ങുമ്പോളാണ് ആക്രമണം ഉണ്ടായത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെ വളഞ്ഞിട്ടു തല്ലുകയും വലിച്ചിഴയ്ക്കുകയും ചെയ്തു. തന്നെയും ആഷിക്കിനെയും മിഥുനെയും കോളേജില്‍ വെച്ചാണ് ആക്രമിച്ചത്. ദേവനാരായണനെയും ഒപ്പമുണ്ടായിരുന്ന പത്തു പേരെയും വീട്ടില്‍ കയറി ആക്രമിക്കുകയും തേപ്പുപെട്ടി കൊണ്ട് തലക്കടിക്കുകയും ചെയ്തുവെന്ന് സഫ്‌ന പറഞ്ഞു. 

തന്നെ വലിച്ചിഴയ്ക്കുകയും വീട്ടിലെ സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. വ്യത്യസ്തമായ രാഷ്ട്രീയ ആശയങ്ങള്‍ ഉണ്ടെന്ന് കരുതി ഞങ്ങളെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുക എന്ന് പറയുന്നത് ഒരിക്കലും നീതികരിക്കാന്‍ കഴിയില്ല. തെരഞ്ഞെടുപ്പില്‍ ജയിച്ചതിന്റെ പകയാകാം ആക്രമണത്തിന് കാരണം. നീചവും ക്രൂരവുമായ ആക്രമണമാണ് ഉണ്ടായത്. സംഭവത്തില്‍ നീതി ലഭിക്കണമെന്നും സഫ്‌ന പറഞ്ഞു. 

ചൊവ്വാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. രാത്രി എട്ടു മണിയോടെ കോളേജ് യൂണിയന്‍ ഉദ്ഘാടനം കഴിഞ്ഞ് പുറത്തിറങ്ങിയ കെ.എസ്.യു പ്രവര്‍ത്തകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തു വന്നിരുന്നു.