കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജീവനക്കാരുടെ 'വള്ളംകളി'; വീഡിയോ വൈറല്‍

 | 
Vallamkali
കനത്ത മഴയെ തുടര്‍ന്ന് വെള്ളം കയറിയ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ 'വള്ളംകളി'യുമായി ജീവനക്കാര്‍

കനത്ത മഴയെ തുടര്‍ന്ന് വെള്ളം കയറിയ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ 'വള്ളംകളി'യുമായി ജീവനക്കാര്‍. എറണാകുളം സൗത്ത് ഡിപ്പോയില്‍ വെള്ളം കയറിയതനെ തുടര്‍ന്നാണ് മേശമേല്‍ കയറി ജീവനക്കാര്‍ വള്ളംകളി നടത്തിയത്. വള്ളംകളി കമന്ററിയുമായെത്തിയ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. 

ഡിപ്പോയിലെ സ്റ്റേഷന്‍ മാസ്റ്ററായ ബിനില്‍ ആന്റണിയും എന്‍ക്വയറി വിഭാഗത്തിലെ ഉദ്യോഗസ്ഥരായ എല്‍ദോ, സന്തോഷ് എന്നിവരാണ് വീഡിയോയില്‍ ഉള്ളത്. മൂന്നു പേരും മുട്ടോളം വെള്ളം കയറിയ ഓഫീസ് ടേബിളിന് മുകളില്‍ കയറിയിരുന്ന് വഞ്ചി തുഴയുന്നതു പോലെ അനുകരിക്കുകയായിരുന്നു. ജീവനക്കാര്‍ തമാശയ്ക്ക് ചെയ്തതാണ് വീഡിയോയെന്നും അതല്ല പ്രതിഷേധ സൂചകമായി ചെയ്തതാണെന്നും വിവരമുണ്ട്. 

ഇന്നലെ മുതല്‍ പെയ്യുന്ന ശക്തമായ മഴയില്‍ കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായിരുന്നു. സാഹചര്യം കണ്ണക്കിലെടുത്ത് കെഎസ്ആര്‍ടിസിയുടെ സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിരുന്നു.