കണ്ണൂർ കല്ല്യാണവീട്ടിലെ ബോബ് സ്ഫോടനം; ബോംബുണ്ടാക്കിയ ആളുൾപ്പെടെ നാലുപേർ പിടിയിൽ
കണ്ണൂർ തോട്ടടയിൽ കല്യാണ പാർട്ടിക്കിടെ ബോംബ് പൊട്‌ി ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ നാല് പേർ അറസ്റ്റിലായി. ബോംബുണ്ടാക്കിയ ആളുൾപ്പെടെ നാലുപേരാണ് പൊലീസ് പിടിയിലായത്. സി കെ റുജുൽ, സനീഷ്, പി അക്ഷയ്, ജിജിൽ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ബോംബ് എറിഞ്ഞ മിഥുനായി തിരച്ചിൽ തുടരുന്നു. കൊല്ലപ്പെട്ട ജിഷ്ണുവിനും അക്ഷയ്ക്കും മിഥുനും ബോംബിന്റെ കാര്യം അറിയാമായിരുന്നു. ഏറുപടക്കം വാങ്ങി സ്‌ഫോടകവസ്തുക്കൾ ചേർത്താണ് നാടൻ ബോംബുണ്ടാക്കിയത്. പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും അന്വേഷണ സംഘം അറിയിച്ചു.
ബോംബുമായി എത്തിയ സംഘത്തിൽപ്പെട്ട ആളാണ് മരിച്ച ജിഷ്ണു എന്ന് പൊലീസ് പറയുന്നു. ഇയാളുടെ പോസ്റ്റ് മോർട്ടം ഇന്ന് നടക്കും. കല്യാണത്തലേന്ന് വരന്റെ വീട്ടിൽ ഏച്ചൂരിൽ നിന്നെത്തിയ സംഘവും തോട്ടടയിലെ യുവാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. രാത്രി വൈകി നടന്ന സംഗീതപരിപാടിക്കിടെയായിരുന്നു സംഘർഷം. നാട്ടുകാരിടപെട്ട് പ്രശ്‌നം പരിഹരിച്ചെങ്കിലും ഉച്ചയ്ക്ക് പ്രതികാരം വീട്ടാൻ ഏച്ചൂർ സംഘം ബോംബുമായി എത്തുകയായിരുന്നു.