ഉടമയറിയാതെ 40 കോടി വില മതിക്കുന്ന കെട്ടിടം 9 കോടിക്ക് വിറ്റു; കെഎഫ്‌സി മുന്‍ എംഡി ടോമിന്‍ തച്ചങ്കരിക്കെതിരെ വിജിലന്‍സ് അന്വേഷണം
ഉടമയറിയാതെ 40 കോടി മൂല്യമുള്ള കെട്ടിടം വെറും 9.18 കോടി രൂപയ്ക്ക് കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ മറിച്ചുവിറ്റ സംഭവത്തില്‍ വിജിലന്‍സ് പ്രാഥമികാന്വേഷണം. കെഎഫ്‌സി മുന്‍ എംഡി ടോമിന്‍ തച്ചങ്കരിയടക്കം 9 പേര്‍ക്കെതിരെയാണ് അന്വേഷണം. കോഴിക്കോട് പേള്‍ ഹില്‍ ബില്‍ഡേഴ്‌സ് ഉടമയായ പി.പി.അബ്ദുള്‍ നാസറിന്റെ പരാതിയില്‍ കോഴിക്കോട് വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ കെട്ടിടം മറിച്ചു വിറ്റത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നും ഇടപാടില്‍ തിരിമറി നടന്നിട്ടുണ്ടെന്നുമാണ് ആരോപണം. അബ്ദുള്‍ നാസര്‍ 2014ല്‍ കെഎഫ്‌സിയില്‍ നിന്ന് 4.89 കോടി രൂപ വായ്പയെടുത്തിരുന്നു. തുകയുടെ പകുതിയോളം തിരിച്ചടച്ചിരുന്നു. കോവിഡ് വന്നതോടെ തിരിച്ചടവ് മുടങ്ങി. ഇതേത്തുടര്‍ന്ന് പലിശയടക്കം 9.56 കോടി കുടിശിക വന്നുവെന്ന് ആരോപിച്ചാണ് കെട്ടിടം വിറ്റത്.
കോഴിക്കോട് പുതിയ സ്റ്റാന്‍ഡിന് സമീപമുള്ള കെട്ടിടമാണ് കെഎഫ്‌സി തുച്ഛമായ തുകയ്ക്ക് വിറ്റത്. ഇക്കാര്യം ഉടമയെ രജിസ്റ്റേര്‍ഡ് കത്തിലൂടെ അറിയിക്കുകയോ വില്‍പനയ്ക്കായി പൊതു ടെന്‍ഡര്‍ വിളിക്കുകയോ ചെയ്തിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.