ഗതാഗതമന്ത്രി പറഞ്ഞു പറ്റിച്ചെന്ന് ബസുടമകള്‍; സമരത്തിന് പിന്നിലെ ലക്ഷ്യം വേറെയെന്ന് മന്ത്രി, ബസ് സമരം തുടരും
സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടരും. യാത്രാനിരക്ക് കൂട്ടാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും വൈകാതെ നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന് പറഞ്ഞ മന്ത്രി വാക്കു പാലിച്ചില്ലെന്നും ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് പോലും തയ്യാറാകുന്നില്ല. മന്ത്രിയുടെ പിടിവാശി മൂലം ഉണ്ടായ സമരമാണ് ഇത്. പരീക്ഷാക്കാലത്ത് വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിച്ചെന്ന് പറയുന്ന മന്ത്രി കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര അനുവദിക്കുന്നുണ്ടോയെന്നും സംഘടനാ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
അതേസമയം പെട്ടെന്നുണ്ടായ സമരത്തിന് പിന്നിലുള്ള ലക്ഷ്യം വേറെയാണെന്നായിരുന്നു ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം. സമരം ചെയ്യുന്ന ബസുടമകള്‍ പിടിവാശി ഉപേക്ഷിക്കണം. ബസ് ചാര്‍ജ് വര്‍ദ്ധനവ് അനിവാര്യമാണെന്ന് സര്‍ക്കാര്‍ നേരത്തേ തന്നെ പ്രഖ്യാപിച്ചതാണ്. അത് എങ്ങനെ നടപ്പാക്കണമെന്ന് ഈ മാസം 30ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാരിന് ഒരു പിടിവാശിയുമില്ല. സംഘടനയിലെ ചില നേതാക്കള്‍ക്കാണ് പിടിവാശി. സര്‍ക്കാര്‍ വാക്ക് പാലിച്ചു കൊണ്ടാണ് മുമ്പോട്ട് പോകുന്നത്. ബസ് ചര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യത്തെ തുടര്‍ന്ന് ചര്‍ച്ചകള്‍ നടത്തി കമ്മിറ്റിയെ വെച്ചു അവരുമായി നിരന്തരം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. തങ്ങള്‍ സമരം ചെയ്തിട്ടാണ് ഫെയര്‍ റിവിഷന്‍ ഉണ്ടായതെന്ന് ബസുടമകളെ ബോധ്യപ്പെടുത്താനുള്ള സ്ഥാപിത താല്‍പര്യമാണ് സമരത്തിന് പിന്നിലെന്ന് മന്ത്രി പറഞ്ഞു.