ഹാട്രിക്കോടെ ചാഹലിന്റെ 5 വിക്കറ്റ്; ആവേശപ്പോരിൽ കൊൽക്കത്തയെ കീഴടക്കി രാജസ്ഥാൻ

ജോസ് ബട്ട്ലർക്ക് രണ്ടാം സെഞ്ച്വറി 
 | 
Ipl


ടി20 മത്സരത്തിന്റെ എല്ലാ വീറും വാശിയും നിറഞ്ഞ, ജയപരാജയ സാധ്യതകൾ മാറിമറിഞ്ഞ ഐപിഎൽ മത്സരത്തിൽ കൊൽക്കത്തയെ കീഴടക്കി രാജസ്ഥാൻ. ബാറ്റുകൊണ്ട് ബട്ട്ലറും പന്ത് കൊണ്ട് ചാഹലും രാജസ്ഥാൻ റോയൽസിന്റെ രക്ഷകരായപ്പോൾ ശ്രേയസ്‌ അയ്യരുടെ പ്രകടനം പാഴായി. ആർആർ വിജയം 7 റൺസിന്.

ആദ്യം ബാറ്റ് ചെയ്ത ആർആർ ജോസ് ബട്ട്ലറുടെ സീസണിലെ രണ്ടാം സെഞ്ച്വറിയുടെ മികവിൽ 5 വിക്കറ്റിന് 217 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. 61 പന്തിൽ 9 ഫോറും 5 സിക്‌സും  ഉൾപ്പടെ 103 റൺസ് ആണ് ബട്ട്ലർ നേടിയത്. 19 പന്തിൽ 38 റൺസ് നേടിയ സഞ്ജു സാംസൺ, 13 പന്തിൽ 26 റൺസ് നേടിയ ഹെത്മേയർ, 18 പന്തിൽ 24 റൺസ് അടിച്ച പടിക്കൽ എന്നിവർ ബട്ട്ലർക്ക് പിന്തുണ നൽകി. സുനിൽ നരേൻ 4 ഓവറിൽ 21 റൺസ് മാത്രം നൽകി 2 വിക്കറ്റ് എടുത്തു.

എന്നാൽ വലിയ സ്കോർ പിന്തുടരുന്ന യാതൊരു സങ്കോചവും കൂടാതെ കെകെആർ കളി തുടങ്ങി. ആദ്യ പന്തിൽ സുനിൽ നരേൻ റൺ ഔട്ട് ആയി എങ്കിലും ശ്രേയസ് അയ്യരെ സാക്ഷിയാക്കി ആരോൺ  ഫിഞ്ച് അടിതുടങ്ങി. 28 പന്തിൽ 58 റൺസ് നേടി ഫിഞ്ച് വീണെങ്കിലും നിതീഷ് റാണയുമായി ചേർന്ന് അയ്യർ കളി കൊണ്ടു പോയി. കാര്യങ്ങൾ എല്ലാം കെകെആറിന് അനുകൂലമായി നിൽക്കുന്ന സമയത്താണ് നിതീഷ് റാണ അനാവശ്യ ഷോട്ട് കളിച്ചു വിക്കറ്റ് കളയുന്നത്. പിന്നാലെ വന്ന റസ്സൽ ആദ്യ പന്തിൽ അശ്വിന് മുന്നിൽ ബൗൾഡ് ആയി. 

17മത്തെ ഓവറിൽ ചാഹൽ പന്തെറിയാൻ വരുമ്പോൾ 4 ഓവറിൽ 40 എന്ന ലക്ഷ്യമാണ് കെകെആറിന് മുന്നിൽ ഉണ്ടായിരുന്നുത്. എന്നാൽ ഈ ഓവറിൽ 4 വിക്കറ്റ് ആണ് അവർക്ക് നഷ്ടമായത്. 

വെങ്കിടേഷ് അയ്യരെ പുറത്താക്കിയ ചാഹൽ 4 ആം പന്തിൽ ശ്രേയസ്സിനെ വിക്കറ്റിന് മുന്നിൽ കുടുക്കി. തൊട്ടടുത്ത പന്തിൽ കൂറ്റൻ അടിക്ക് ശ്രമിച്ച ശിവം മാവി പുറത്ത്. തന്റെ സ്പെല്ലിലെ അവസാന പന്തിൽ കമ്മിൻസിനെ സഞ്ജുവിന്റെ കയ്യിൽ എത്തിച്ചു ചാഹൽ ഹാട്രിക്കും 5 വിക്കറ്റും തികച്ചു. ഇതോടെ കളി ആർആറിന്റെ കയ്യിലെത്തി.

എന്നാൽ 18ആം ഓവറിൽ ഉമേഷ് യാദവ് വീണ്ടും അവർക്ക് പ്രതീക്ഷ നൽകി. ട്രെന്റ് ബോൾട്ടിന്റെ ആ  ഓവറിൽ 2 സിക്‌സും ഒരു ഫോറും ഉൾപ്പടെ 20 റൺസ് അടിച്ചെടുത്തു. അവസാന ഓവറിൽ 11 റൺസ് മാത്രമേ കെകെആറിന് വേണ്ടിയിരുന്നത്. ആദ്യ ഐപിഎൽ കളിക്കുന്ന വെസ്റ്റിൻഡീസ് ബൗളർ ഒബേദ് മക്കോയ് ആണ് പന്തെറിയുന്നത്. രണ്ടാം ബോളിൽ ഷെൽഡൻ ജാക്സണെ പ്രതീഷ് കൃഷ്ണയുടെ കയ്യിൽ എത്തിച്ചും 4ആം പന്തിൽ ഉമേഷിനെ ബൗൾഡ് ആക്കിയും മക്കോയ് കളി രാജസ്ഥാന്റെ കയ്യിൽ കൊടുത്തു. 

ബാർബോൺ സ്റ്റേഡിയത്തിൽ കളിച്ച 5ആം മത്സരത്തിലും അങ്ങിനെ കെകെആർ തോറ്റു. ജയത്തോടെ രാജസ്ഥാൻ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തി.