സിഎഎ സമരം; പ്രതിഷേധിച്ചവരില്‍ നിന്ന് യുപി സര്‍ക്കാര്‍ കണ്ടുകെട്ടിയ സ്വത്തുക്കളും പിഴത്തുകയും തിരികെ നല്‍കണമെന്ന് സുപ്രീം കോടതി

 | 
Yogi

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തിയവില്‍ നിന്ന് കണ്ടുകെട്ടിയ സ്വത്തുക്കളും അവരില്‍ നിന്ന് ഈടാക്കിയ പിഴത്തുകയും തിരികെ നല്‍കണമെന്ന് യുപി സര്‍ക്കാരിനെ സുപ്രീം കോടതിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്. നേരത്തേ സര്‍ക്കാര്‍ പുറപ്പെടുവിച്ച കണ്ടുകെട്ടല്‍ നോട്ടീസുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ അവ റദ്ദാക്കുമെന്ന് കോടതി അറിയിച്ചിരുന്നു. ഇതനുസരിച്ച് റിക്കവറി നോട്ടീസുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് പുതിയ നിര്‍ദേശം. 

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച 274 പേര്‍ക്കെതിരെ നല്‍കിയ റിക്കവറി നോട്ടീസുകള്‍ പിന്‍വലിച്ചതായി വ്യാഴാഴ്ച സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ കോടിക്കണക്കിന് തുക തിരികെ നല്‍കേണ്ടി വരുമെന്നും ഉത്തരവ് നല്‍കരുതെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. അതേസമയം നോട്ടീസ് പുറപ്പെടുവിക്കുന്നതിനുള്ള ശരിയായ നടപടിക്രമങ്ങള്‍ പാലിക്കാന്‍ ട്രൈബ്യൂണലിനെ സമീപിക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. 

പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവര്‍ പൊതുമുതല്‍ നശിപ്പിച്ചുവെന്ന് ആരോപിച്ചാണ് ഇവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചത്. ഇതിനായി സ്ഥാപിച്ച ക്ലെയിം ട്രൈബ്യൂണലുകളില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റുമാരെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയമിച്ചത്. ട്രൈബ്യൂണലുകളില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരെയാണ് നിയമിക്കേണ്ടതെന്ന് 2009-ലും 2018-ലും പുറപ്പെടുവിച്ച വിധികളില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണെന്നും സ്വത്തു കണ്ടുകെട്ടല്‍ നടപടിയുമായി മുന്നോട്ടു പോകണമെങ്കില്‍ നിയമം പാലിക്കണമെന്നും കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.