ഫോണ്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ദിലീപിനെ സഹായിച്ചത് സിബിഐ കേസ് പ്രതി; ലാബ് ഉടമയുടെ മൊഴിയെടുത്തു
ഫോണ്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ദിലീപിനെ സഹായിച്ചത് സിബിഐ കേസ് പ്രതിയായ മുന്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ വിന്‍സെന്റ് ചൊവ്വല്ലൂര്‍. മുംബൈയിലെ ലാബ് പരിചയപ്പെടുത്തി കൊടുത്തത് ഇന്‍കംടാക്‌സ് മുന്‍ അസി. കമ്മീഷണറായ ഇയാളാണ്. അഭിഭാഷകന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് താന്‍ ലാബ് പരിചയപ്പെടുത്തിയതെന്ന് വിന്‍സെന്റ് ചൊവ്വല്ലൂര്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വിന്‍സെന്റിനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തയ്യാറെടുക്കുകയാണെന്നും സൂചനയുണ്ട്. ഇയാളെ അന്വേഷിച്ച് ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം വീട്ടിലെത്തിയെങ്കിലും വിന്‍സെന്റ് സ്ഥലത്തുണ്ടായിരുന്നില്ല. ദിലീപിന്റെയും തന്റെയും അഭിഭാഷകന്‍ ഒരാളാണെന്ന് വിന്‍സെന്റ് പറഞ്ഞു. മുംബൈയിലെ മികച്ച ഫോറന്‍സിക് ലാബ് ഏതാണെന്ന് അഭിഭാഷകര്‍ ചോദിച്ചത് അനുസരിച്ചാണ് താന്‍ മുംബൈയിലെ ലാബ് കണ്ടെത്തി അതിന്റെ ഡയറക്ടര്‍മാരെ അവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തതെന്നും വിന്‍സെന്റ് വ്യക്തമാക്കി. 2014ല്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസില്‍ പ്രതിയാണ് വിന്‍സെന്റ്.
ഫോണ്‍ തെളിവുകള്‍ ലാബില്‍ നശിപ്പിച്ചതായും വിവരങ്ങള്‍ ഹാര്‍ഡ് ഡിസ്‌കിലേക്ക് മാറ്റിയതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഹാര്‍ഡി ഡിസ്‌കിന്റെ മിറര്‍ ഇമേജ് ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. നിര്‍ണായകമായ വിവരങ്ങള്‍ ഇതിലുണ്ടെന്നാണ് സൂചന. ലാബ് ഉടമയുടെ മൊഴിയും ക്രൈംബ്രാഞ്ച് എടുത്തു. നാലു ഫോണുകളിലെ ചില ഫയലുകള്‍ നീക്കിയെന്നാണ് ലാബ് ഉടമ യോഗേന്ദ്ര യാദവ് മൊഴി നല്‍കിയത്. ഒരു ഫോണിന് 75,000 രൂപ വീതം ഈടാക്കിയതായും ഇയാള്‍ അറിയിച്ചു.