ദിലീപ് പ്രതിയായ വധഗൂഢാലോചനാ കേസില്‍ സിബിഐ വേണ്ടെന്ന് പ്രോസിക്യൂഷന്‍; ബാലചന്ദ്രകുമാര്‍ പരാതി നല്‍കാന്‍ വൈകിയത് എന്തിനെന്ന് കോടതി
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് പ്രോസിക്യൂഷന്‍. കേസ് സിബിഐക്ക് വിടേണ്ടതില്ലെന്നും പ്രതിക്ക് അന്വേഷണ ഏജന്‍സിയെ തെരഞ്ഞെടുക്കാനാവില്ലെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ഹൈക്കോടതിയില്‍ പറഞ്ഞു. സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ നിലപാട് കോടതി ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഡിജിപി ഇക്കാര്യം വ്യക്തമാക്കിയത്.
നിലവില്‍ നടന്നു വരുന്ന അന്വേഷണത്തില്‍ പോരായ്മകളുണ്ടെന്ന് ദിലീപിന് ചൂണ്ടിക്കാണിക്കാനായിട്ടില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ഗൂഢാലോചനാക്കേസിലെ എഫ്‌ഐആര്‍ റദ്ദാക്കാന്‍ കഴിയില്ലെങ്കില്‍ സിബിഐക്ക് അന്വേഷണം കൈമാറണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. ബാലചന്ദ്രകുമാര്‍ പരാതി നല്‍കാന്‍ വൈകിയത് എന്താണെന്നും കോടതി ചോദിച്ചു.
ഇത്രയും തെളിവുകള്‍ കയ്യിലുണ്ടായിട്ടും ബാലചന്ദ്രകുമാര്‍ കോടതിയെ സമീപിക്കാതിരുന്നതും ഇപ്പോള്‍ സമീപിച്ചതും സംശയമുണ്ടാക്കില്ലേയെന്നും കോടതി ചോദിച്ചു. എന്നാല്‍ കേസ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഇതിന് പ്രസക്തിയില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ബാലചന്ദ്രകുമാര്‍ ദിലീപിനൊപ്പമുണ്ടായിരുന്നയാളാണ്. സംശയത്തോടെ തന്നെയാണ് ആദ്യം സമീപിച്ചത്.
എന്നാല്‍ വെളിപ്പെടുത്തലുകള്‍ വസ്തുതാപരമാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. ബാലചന്ദ്രകുമാറിന്റെ വിശ്വാസ്യത സംബന്ധിച്ച് 18ഓളം കാര്യങ്ങള്‍ പരിശോധിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.