ട്രേഡ് യൂണിയനുകളുടെ പ്രവർത്തനത്തിൽ തിരുത്തൽ വേ‌ണമെന്ന് മുഖ്യമന്ത്രി

 | 
pinarayi vijayan

നോക്കുകൂലി വാങ്ങുന്നത് ശരിയല്ല എന്ന് അറിഞ്ഞിട്ടും തൊഴിലാളി സംഘടനകൾ അത് തുടരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ട്രേഡ് യൂണിയനുകളുടെ പ്രവർത്തനത്തിൽ തിരുത്തൽ വേണമെന്നും അ​ദേഹം പറഞ്ഞു. നോക്കുകൂലി ഉൾപ്പടെയുള്ള തെറ്റായ രീതികൾ തുടർന്നാൽ പല മേഖലകളേയും അത് ബാധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സി പി എം സംസ്ഥാന സമ്മേളത്തിൽ നയരേഖ അവതരണത്തിനിടെയായിരുന്നു മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. 

സി പി എമ്മിന്റെ ട്രേഡ് യൂണിയൻ സംഘടനയായ സിഐടിയുവിനെതിരെ രൂക്ഷ വിമർശനമാണ് നയരേഖയ്ക്കൊപ്പം അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലുളളത്.  തൊഴിലാളികളെ സംഘടന അവകാശബോധം മാത്രം പഠിപ്പിക്കുന്നു. അതുപോരാ, തൊഴിലാളികളിൽ ഉത്തരവാദിത്ത ബോധം കൂടി ഉണ്ടാക്കണം. അതാണ് പുതിയ കാലം ആവശ്യപ്പെടുന്നത്. ഡി ഐ ടി യുവിനെ രൂക്ഷമായി വിമർശിക്കുപ്പോൾ തന്നെ ഡിവൈഎഫ്ഐക്ക് പ്രശംസയുമുണ്ട്. കൊവിഡ് കാലത്ത് ഡിവൈഎഫ്ഐ അടക്കം മികച്ച പ്രവർത്തനം കാഴ്ചവെച്ചു എന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. 

അടിമുടി മാറ്റങ്ങൾ നിർദേശിക്കുകയാണ് സി പി എം സംസ്ഥാന കമ്മറ്റിയിൽ മുഖ്യമന്ത്രി അവതരിപ്പിക്കുന്ന നയരേഖയിൽ . പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയിൽ സംസ്ഥാനത്ത് വൻകിട വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേണമെന്ന് സിപിഎം നയരേഖ പറയുന്നു. സഹകരണ മേഖലയിലും സ്വകാര്യ മേഖലയിലും വൻകിട വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ വേണം. ഉന്നത വിദ്യാഭ്യാസ മേഖലയെ ഉത്പാദന മേഖലയുമായി ബന്ധിപ്പിക്കണം. വ്യവസായ സൗഹൃദ അന്തരീക്ഷം ഒരുക്കണമെന്നും നയരേഖയിൽ പറയുന്നു.