തലശ്ശേരിയിലെ സിപിഎം പ്രവര്‍ത്തകന്റെ കൊല; മുഖ്യ ആസൂത്രകന്‍ ബിജെപി കൗണ്‍സിലര്‍ ലിജേഷെന്ന് പോലീസ്

 | 
Lijesh

തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകനായ ഹരിദാസനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യ ആസൂത്രകന്‍ ബിജെപി മുനിസിപ്പല്‍ കൗണ്‍സിലര്‍ ലിജേഷാണെന്ന് പോലീസ്. ബിജെപി മണ്ഡലം പ്രസിഡന്റ് കൂടിയായ ഇയാള്‍ ഉള്‍പ്പെടെ നാലു പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. സുമേഷ്, വിമിന്‍, അമല്‍ മനോഹരന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. 

കൊലനടന്ന ദിവസം പുലര്‍ച്ചെ ഒരുമണിക്ക് ലിജേഷ് വിളിച്ച വാട്‌സാപ്പ് കോളാണ് നിര്‍ണായക തെളിവായത്. കോള്‍ ആളുമാറി ലിജേഷിന്റെ ഒരു ബന്ധുവിനാണ് ലഭിച്ചത്. ഇയാള്‍ ലിജേഷിനെ തിരികെ വിളിക്കുകയും ചെയ്തു. പിന്നീട് അറസ്റ്റിലായ സുമേഷിനെയാണ് ലിജേഷ് വിളിച്ചത്. ജോലി കഴിഞ്ഞെത്തിയ ഹരിദാസന്‍ ഹാര്‍ബറില്‍ നിന്ന് വീട്ടിലേക്ക് പുറപ്പെട്ടതായി കൊലനടത്തിയവരെ അറിയിച്ചത് സുമേഷാണ്. 

ആത്മജ് എന്ന ബിജെപി പ്രവര്‍ത്തകന്‍ ഉള്‍പ്പെടുന്ന സംഘത്തെ ലിജേഷ് തയ്യാറാക്കി നിര്‍ത്തിയിരുന്നു. ഹരിദാസന്റെ വീടിന് മുന്നില്‍ കാത്തുനിന്ന സംഘം വീടിന് സമീപമെത്തിയ ഹരിദാസനെ ആക്രമിക്കുകയായിരുന്നു. ലിജേഷ് നടത്തിയ പ്രകോപനകരമായ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയായിരുന്നു കൊലപാതകം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ കസ്റ്റഡിയില്‍ എടുത്ത ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.