അനധികൃത മണല്‍ ഖനനം നടത്തിയെന്ന കേസ്; സിറോ മലങ്കര സഭ പത്തനംതിട്ട ബിഷപ്പും വൈദികരും അറസ്റ്റില്‍
അനധികൃത മണല്‍ ഖനനം നടത്തിയെന്ന കേസില്‍ സിറോ മലങ്കര സഭ പത്തനംതിട്ട അതിരൂപതാ ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസിനെയും 5 വൈദികരെയും അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സിബി-സിഐഡി സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. വികാര്‍ ജനറല്‍ ഫാ.ഷാജി തോമസ്. ഫാ.ജോസ് ചാമക്കാല, ഫാ.ജോര്‍ജ് സാമുവല്‍, ഫാ.ജിജോ ജെയിംസ്, ഫാ,ജോസ് കാലായില്‍ എന്നിവരാണ് അറസ്റ്റിലായ വൈദികര്‍. അറസ്റ്റിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ ബിഷപ്പിനെയും ഫാ.ജോസ് ചാമക്കാലയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തമിഴ്‌നാട്ടില്‍ തിരുനെല്‍വേലി ആംബാസമുദ്രത്ത് താമരഭരണി പുഴയോരത്ത് അനധികൃതമായി മണല്‍ ഖനനം നടത്തിയെന്നാണ് കേസ്. സഭയുടെ പേരില്‍ ഇവിടെയുള്ള 300 ഏക്കറോളം ഭൂമിയിലാണ് ഖനനം നടത്തിയത്. മദ്രാസ് ഹൈക്കോടതി നിര്‍ദേശം അനുസരിച്ചാണ് ബിഷപ്പിനെയും വൈദികരെയും അറസ്റ്റ് ചെയ്തത്. അതേസമയം സ്ഥലം പാട്ടത്തിന് നല്‍കിയതാണെന്നും കരാറുകാരനാണ് മണല്‍ ഖനനം നടത്തിയതെന്നുമാണ് സഭ വിശദീകരിക്കുന്നത്. സ്ഥലത്തിന്റെ കരാറുകാരനായ മാനുവല്‍ ജോര്‍ജിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
40 വര്‍ഷമായി സഭയുടെ കൈവശമുള്ള സ്ഥലം മാനുവല്‍ ജോര്‍ജിന് കൃഷിക്കായി പാട്ടത്തിന് നല്‍കിയിരിക്കുകയാണെന്നാണ് സിറോ മലങ്കര സഭ പുറത്തിറക്കിയ വിശദീകരണ കുറിപ്പില്‍ പറയുന്നത്. കോവിഡ് കാലമായതോടെ രൂപത അധികൃതര്‍ക്ക് രണ്ടു വര്‍ഷമായി ഇവിടേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടയില്‍ മാനുവല്‍ ജോര്‍ജ് കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതായി കണ്ടെത്തിയിരുന്നുവെന്നും ഇയാളെ കരാറില്‍ നിന്ന് ഒഴിവാക്കാന്‍ സഭ നിയമനടപടികള്‍ ആരംഭിച്ചിരുന്നതായും സഭ പറയുന്നു.
അനധികൃത മണല്‍ ഖനനത്തിന് എതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പരാതി നല്‍കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. പരാതിയുടെ അടിസ്ഥാനത്തില്‍ സബ്കളക്ടര്‍ നടത്തിയ അന്വേഷണത്തില്‍ 27,700 ഘനയടി മണല്‍ ഇവിടെനിന്ന് ഖനനം ചെയ്തതായി കണ്ടെത്തി. 9 കോടി രൂപ പിഴയീടാക്കണമെന്നായിരുന്നു കളക്ടര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. സംഭവത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.