ചാമ്പ്യൻസ് ലീഗ്: മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില
അത്‍ലറ്റിക്കോ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ആദ്യപാദ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില. രണ്ട് ടീമുകളും ഓരോ ഗോൾ വീതം അടിച്ചു. ഏഴാം മിനിറ്റിൽ തന്നെ ജോ ഫെലിക്സിലൂടെ അത്‍ലറ്റിക്കോ മാഡ്രിഡിന് ലീഡ് നേടിക്കൊടുത്തു. എൺപതാം മിനിറ്റിലാണ് യുണൈറ്റഡിന്റെ സമനില ഗോൾ വരുന്നത്. പകരക്കാരനായി ഇറങ്ങിയ സ്വീഡിഷ് കൗമാര താരം ആന്റണി എലാൻഗയാണ് ഗോൾ നേടിയത്.
മറ്റൊരു മത്സരത്തിൽ ഡച്ച് ചാമ്പ്യൻമാരായ അയാക്സിനെ പോർച്ചുഗീസ് ക്ലബ്ബായ ബെനിഫിക്ക സമനിലയിൽ കുരുക്കി. ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി. കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളിൽ ചെൽസി, ഫ്രഞ്ച് ക്ലബ്ബായ ലീൽ ഒളിംപിക്കിനെ പരാജയപ്പെടുത്തിയിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ചെൽസി വിജയിച്ചത്. യുവന്റസും വിയ്യാറയലും തമ്മിലുള്ള മത്സരം സമനിലയിലായി. രണ്ട് ടീമും ഓരോ ഗോൾ നേടി.
ഇതോടെ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിലെ ആദ്യപാദ മത്സരങ്ങൾ അവസാനിച്ചു. രണ്ടാം പാദ മത്സരങ്ങൾ മാർച്ച് 9ന് ആരംഭിക്കും. മാർച്ച് 17നാണ് അവസാന മത്സരം. 18ന് ക്വാർട്ടർ, സെമി നറുക്കെടുപ്പ് നടക്കും.