ചാമ്പ്യൻസ് ലീഗ്: റയൽ മാഡ്രിഡും വിയ്യാറയലും സെമിയിൽ; ചെൽസിയും ബയേണും പുറത്ത്
നിലവിലെ ചാമ്പ്യൻമാരായ ചെൽസിയും ജർമ്മൻ ചാമ്പ്യൻമാരായ ബയേൺ മ്യുണിക്കും ചാമ്പ്യൻസ് ലീഗ് സെമി കാണാതെ പുറത്തായി. രണ്ടാം പാദത്തിൽ റയൽ മാഡ്രിഡിനെതിരെ 2 നെതിരെ 3 ഗോളിന് ജയിച്ചെങ്കിലും ആദ്യ പാദത്തിലെ 1നെതിരെ 3 ഗോൾ തോൽവി ചെൽസിക്ക് വിനയായി. ഇരു പാദങ്ങളിലുമായി റയൽ മാഡ്രിഡിന് 5- 4ന്റെ വിജയം.
വിയ്യാറയലുമായുല്ല മത്സരം സമനിലയിൽ പിരിഞ്ഞതോടെ ബയേണും പുറത്തായി. ആദ്യ പാദത്തിൽ വിയ്യാ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചിരുന്നു. രണ്ടാംപാദ മത്സരത്തിൽ ഇരു ടീമും ഓരോ ഗോൾ വീതം നേടി. ആകെ 2-1ന്റെ വിജയം വിയ്യാറയലിന്.
സാന്റിയാഗോ ബെർണാബുവിൽ നടന്ന കളിയിൽ എക്സ്ട്രാ ടൈമിൽ കരീം ബെൻസെമ നേടിയ ഗോളാണ് റയൽ മാഡ്രിഡിന്റെ സെമി പ്രവേശനം ഉറപ്പാക്കിയത്. നിശ്ചിത സമയത്ത് 1-3ന്റെ വിജയം ചെൽസി നേടിയതോടെ മത്സരം അധിക സമയത്തേക്ക് നീളുകയായിരുന്നു.
15ആം മിനിറ്റിൽ മാസൻ മൗണ്ട്, 51ആം മിനിറ്റിൽ അന്റോണിയോ റൂഡിഗർ, 75ആം മിനിറ്റിൽ തിമോ വെർണർ എന്നിവർ ചെൽസിക്ക് വേണ്ടി ഗോൾ നേടി. ഇതോടെ ചെൽസി വിജയം മണത്തു. എന്നാൽ 80ആം മിനിറ്റിൽ റോഡ്രിഗോ നേടിയ ഗോൾ കളി അധിക സമയത്തേക്ക് നീട്ടി. ബെൻസെമയുടെ ഗോൾ അവർക്ക് സെമി ബെർത്ത് നേടിക്കൊടുക്കുകയും ചെയ്തു.
ബയേൺ മൈതാനമായ അലിയൻസ് അരീനയിൽ നടന്ന കളിയിൽ 52ആം മിനിറ്റിൽ ലെവെൻഡോവ്സ്ക്കി നേടിയ ഗോൾ ബയേണിനെ മുന്നിൽ എത്തിച്ചു. എന്നാൽ 88ആം മിനിറ്റിൽ സാമുവൽ ചുക്വേസ നേടിയ ഗോൾ ബയേണിനെ അട്ടിമറിച്ചു.
ഇന്ന് രാത്രി നടക്കുന്ന കളികളിൽ ലിവർപൂൾ ബെൻഫിക്കയേയും അത്‌ലറ്റികോ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റിയെയും നേരിടും.