നാലാമതും തോറ്റ് ചെന്നൈ സൂപ്പർ കിംഗ്സ്; ആദ്യ ജയം നേടി ഹൈദരാബാദ്
ഐപിഎൽ 2022 ലെ ആദ്യ ജയത്തിനായി ചെന്നൈ സൂപ്പർ കിംഗ്സിന് ഇനിയും കാത്തിരിക്കണം. ഇതുവരെ ജയിക്കാത്ത ടീമുകളുടെ മത്സരത്തിൽ ഹൈദരാബാദ് എട്ടു വിക്കറ്റിന് ചെന്നൈ സൂപ്പർ കിംഗ്സിനെ തോൽപ്പിച്ചു. 155 റൺസ് പിൻതുടർന്ന സൺറൈസേഴ്സ് 17.4 ഓവറിൽ ലക്ഷ്യം കണ്ടു. 50 പന്തിൽ 75 റൺസെടുത്ത ഓപ്പണർ അഭിഷേക് ശർമ്മയാണ് കളിയിലെ താരം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈക്ക് പവർപ്ലേ ഓവറുകളിൽ തന്നെ ഓപ്പണർമാരെ നഷ്ടമായി. ഉത്തപ്പ 15 റൺസും ഗെയ്ക്വാദ് 16 റൺസും നേടി പുറത്തായി. എന്നാൽ മൂന്നാമനായി എത്തിയ മോയിൻ അലിയുടെ ബാറ്റിംഗ് മികവാണ് ചെന്നൈക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. അലി 35 പന്തിൽ 48 റൺസ് നേടി. 27 റൺസെടുത്ത അമ്പാട്ടി റായിഡു, 23 റൺസെടുത്ത രവീന്ദ്ര ജഡേജ എന്നിവരും 154ൽ എത്താൻ ചെന്നൈയെ സഹായിച്ചു. നടരാജനും വാഷിംഗ്ടൺ സുന്ദറും 2 വിക്കറ്റ് വീതം വീഴ്ത്തി.
ഓപ്പണർമാരായ അഭിഷേക് ശർമ്മയും കെയിൻ വില്യംസണും വളരെ കരുതലോടെയാണ് ഹൈദരാബാദിന് വേണ്ടി തുടങ്ങിയത്. ആദ്യ വിക്കറ്റിൽ ഇരുവരും 89 റൺസ് കൂട്ടിച്ചേർത്തു. 40 പന്തിൽ 32 റൺസെടുത്ത് വില്യംസൺ പുറത്തായി എങ്കിലും പിന്നീടെത്തിയ രാഹുൽ തൃപതി വേഗത്തിൽ ബാറ്റുവീശി. 15 പന്തിൽ 39 റൺസാണ് തൃപതി നേടിയത്. അഞ്ച് ഫോറും 2 സിക്സും ഉൾപ്പെട്ടതായിരുന്നു ആ ഇന്നിംഗ്സ്. 75 റൺസെടുത്ത് പുറത്തായ അഭിഷേകിന്റെ ഇന്നിംഗ്സിൽ അഞ്ച് ബൗണ്ടറിയും 3 സിക്സും ഉണ്ടായിരുന്നു.