സിറ്റിക്കും ആഴ്‌സണലിനും ജയം; യുണൈറ്റഡിന് തോൽവി

ഗബ്രിയേൽ ജിസൂസിന് നാല് ഗോൾ
 | 
City

ഇംഗ്ലീഷ് പ്രീമിയർ ലീഗ് അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ വിജയം തുർച്ചയാക്കി ആഴ്‌സണൽ, മാഞ്ചസ്റ്റർ സിറ്റി ടീമുകൾ. ആഴ്‌സണൽ, മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തപ്പോൾ സിറ്റി , വാറ്റ്‌ഫോഡിനെ ഒന്നിനെതിരെ അഞ്ചു ഗോളിന് തോൽപ്പിച്ചു.ഗബ്രിയേൽ ജിസൂസ് 4 ഗോൾ നേടി.


എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന കളിയിൽ മൂന്നാം മിനിറ്റിൽ തന്നെ ഗണ്ണേഴ്‌സ് ലീഡ് നേടി. ഡിഫൻഡർ നൂനോ തവാരേസ് ആണ് സ്കോർ ചെയ്തത്. 32ആം മിനിറ്റിൽ ബുകയോ സാക്ക പെനാൽറ്റിയിലൂടെ രണ്ടാം ഗോൾ നേടി. 34ആം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ഗോൾ മടക്കി. രണ്ടാം പകുതിയിൽ യുണൈറ്റഡിന് കിട്ടിയ പെനാൽറ്റി ബ്രൂണോ ഫെർണാണ്ടസ് പാഴാക്കി. 70ആം മിനിറ്റിൽ ഷാക്ക മൂന്നാം ഗോൾ നേടി.

എത്തിഹാദിൽ സിറ്റിയും ജിസൂസും നല്ല ഫോമിൽ ആയിരുന്നു. 4,23, 49,53 മിനിറ്റുകളിൽ ആയിരുന്നു ജിസൂസ് ഗോൾ നേടിയത്. ഒരു പെനാൽറ്റി ഗോളും ഇതിൽ ഉൾപ്പെടും. 34ആം മിനിറ്റിൽ റോഡ്രിയും സിറ്റിക്കായി സ്കോർ ചെയ്തു. ഹസ്സാനെ കമാര വാറ്റ്ഫോഡിനായി സ്കോർ ചെയ്തു.

ഇതോടെ സിറ്റിക്ക് 33 കളികളിൽ നിന്ന് 80 പോയിന്റ് ആയി. ഇന്നലത്തെ ജയം അവരുടെ ഗോൾ വ്യത്യാസം +59 ആയി വർധിപ്പിച്ചു. രണ്ടാം സ്ഥാനത്തുള്ള ലിവർപൂളിന് ഇത് +61ആണ്. 32 കളിയിൽ നിന്നും അവർക്ക് 76 പോയിന്റ് ആണ് ഉള്ളത്. ഇന്ന് നടക്കുന്ന കളിയിൽ ലിവർപൂൾ ഏവർട്ടനെ നേരിടും.

പോയിന്റ് പട്ടികയിൽ ആദ്യ 10ലേക്ക് കയറിയ ന്യൂകാസിൽ യൂണിറ്റഡിന്റെ ജയവും എടുത്തു പറയേണ്ടതാണ്. നോർവിച് സിറ്റിയെ അവർ എതിരില്ലാത്ത 3 ഗോളുകൾക്ക് തോൽപ്പിച്ചു. 2 ഗോൾ നേടിയ ജോലിന്റൺ, ഒരു ഗോളടിച്ച ബ്രൂണോ ഗുയിമാരെസ് എന്നിവർ സ്കോർ ചെയ്തു. 34 കളികളിൽ നിന്നും 43 പോയിന്റ് ആണ് അവർക്ക് ഉള്ളത്.

ആദ്യ നാലിൽ എത്താനുള്ള സുവർണ്ണാവസരം ടോട്ടനം ഇന്നലെ കളഞ്ഞു കുളിച്ചു. ബ്രെന്റ്ഫോഡുമായുള്ള കളി ഗോൾരഹിത സമനിലയിൽ പിരിഞ്ഞതോടെ ആഴ്‌സണൽ നാലും ടോട്ടനം അഞ്ചും സ്ഥാനത്ത് തുടരും. 33 കളികളിൽ നിന്ന്  ഗണ്ണേഴ്‌സിന് 60ഉം ടോട്ടനത്തിന് 58 പോയിന്റും ആണ് ഉള്ളത്.