വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന പരാതി; സിഐയ്ക്ക് സ്ഥലംമാറ്റം

 | 
Saiju CI

വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന പരാതിയില്‍ സിഐക്ക് സ്ഥലംമാറ്റം. മലയിന്‍കീഴ് പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ.വി.സൈജുവിനെയാണ് പോലീസ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റിയത്. ഡോക്ടര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇയാളെ സ്റ്റേഷന്‍ ചുമതലകളില്‍ നിന്ന് നീക്കിയിരുന്നു. പരാതിയില്‍ തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. പോലീസ് അസോസിയേഷന്‍ തിരുവനന്തപുരം റൂറല്‍ പ്രസിഡന്റായ സൈജുവിന് സ്ഥലംമാറ്റം മാത്രം നല്‍കിയതില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. 

2019ല്‍ വിദേശത്തു നിന്ന് നാട്ടിലെത്തിയ ഡോക്ടര്‍ തന്റെ ഉടമസ്ഥതയിലുള്ള കടമുറി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് അന്ന് എസ്‌ഐ ആയിരുന്ന സൈജുവിനെ പരിചയപ്പെട്ടത്. പിന്നീട് ഡോക്ടറുമായി സൗഹൃദം സ്ഥാപിച്ച സൈജു വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. 

2019ല്‍ ഒരു ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുകയായിരുന്ന തന്നെ സൈജു വീട്ടിലെത്തി പീഡിപ്പിക്കുകയും വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീടും പലതവണ ഭീഷണിപ്പെടുത്തുകയും തന്റെ കയ്യില്‍ നിന്ന് പണം കടം വാങ്ങുകയും ചെയ്തു. ഭാര്യയുമായി വേര്‍പിരിഞ്ഞുവെന്നും തന്നെ വിവാഹം കഴിക്കുമെന്നുമായിരുന്നു വാഗ്ദാനം. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുന്ന തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടിയാണ് ഡോക്ടര്‍ പരാതി നല്‍കിയിരിക്കുന്നത്.