ഗൂഢാലോചനാക്കേസ്; ദിലീപ് ഉള്‍പ്പെടെ മൂന്ന് പ്രതികളെ വീണ്ടും ചോദ്യം ചെയ്യും

 | 
Dileep

 
അന്വേഷണ ഉദ്യോസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദീലീപിനെയും മറ്റു രണ്ടു പ്രതികളെയും വീണ്ടും ചോദ്യം ചെയ്യും. ദിലീപിനെ കൂടാതെ സഹോരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യുന്നത്. ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുന്ന മൊബൈല്‍ ഫോണുകളുടെ പരിശോധനാ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷമായിരിക്കും ചോദ്യം ചെയ്യല്‍.

ആലുവ മജിസ്‌ട്രേറ്റ് കോടതിയാണ് ദിലീപ് നല്‍കിയ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചത്. തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടക്കുന്ന ശാസ്ത്രീയ പരിശോധനയുടെ ഫലം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലഭിക്കുമെന്നാണ് സൂചന. പ്രതികളെ ചോദ്യം ചെയ്യുന്നത് ഇതിന് ശേഷമായിരിക്കുമെന്നാണ് വിവരം. 

അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കണമെന്നാണ് ഹൈക്കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യത്തിലെ വ്യവസ്ഥകളിലൊന്ന്. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍ അക്കാര്യം ചൂണ്ടിക്കാട്ടി അന്വേഷണ സംഘത്തിന് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.