ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച സംഭവത്തിന് പിന്നില്‍ പരാതിക്കാരിയുടെയും കാമുകന്റെയും ഗൂഢാലോചനയെന്ന് ക്രൈംബ്രാഞ്ച്

 | 
Gangeshananda

തിരുവനന്തപുരം പേട്ടയില്‍ സ്വാമി ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച കേസില്‍ ട്വിസ്റ്റ്. സംഭവത്തിന് പിന്നില്‍ പരാതിക്കാരിയും കാമുകനുമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഒരുമിച്ച് ജീവിക്കാന്‍ ഗംഗേശാനന്ദ തടസമാകുമെന്ന് കണ്ടതോടെ ആക്രമണത്തിന് പരാതിക്കാരിയും കാമുകന്‍ അയ്യപ്പദാസും ചേര്‍ന്ന് ഗൂഢാലോചന നടത്തുകയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും പ്രതിചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച് നിയമോപദേശം തേടി. 

2017 മെയ് 19ന് പേട്ടയില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചാണ് സംഭവമുണ്ടായത്. രാത്രിയില്‍ ഗംഗേശാനന്ദ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്നും സ്വയരക്ഷയ്ക്കായി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചുവെന്നുമായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. പിന്നീട് പോക്‌സോ കോടതിയിലും ഹൈക്കോടതിയിലും പെണ്‍കുട്ടിയും മാതാപിതാക്കളും മൊഴി തിരുത്തിയിരുന്നു. ഗംഗേശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്നും കാമുകന്റെ നിര്‍ബന്ധത്തെ തുടര്‍ന്നായിരുന്നു ആക്രമണമെന്നുമായിരുന്നു മൊഴി തിരുത്തിയത്. 

ഇതോടെ കേസില്‍ ഗൂഢാലോചനയുണ്ടെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. പരാതിക്കാരിയുടെ കുടുംബത്തില്‍ സ്വാധീനമുണ്ടായിരുന്ന ഗംഗേശാനന്ദ അയ്യപ്പദാസും പെണ്‍കുട്ടിയുമായുള്ള ബന്ധം അംഗീകരിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് ഗംഗേശാനന്ദയെ വകവരുത്താന്‍ അയ്യപ്പദാസും പെണ്‍കുട്ടിയും ഗൂഢാലോചന നടത്തുകയായിരുന്നു.