'മൃതദേഹത്തിന് വിമാനത്തില്‍ കൂടുതല്‍ സ്ഥലം വേണം'; ഉക്രൈനില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയെക്കുറിച്ച് ബിജെപി എംഎല്‍എ

 | 
Naveen Ukraine

ഉക്രൈനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്ന വിഷയത്തില്‍ കര്‍ണാടക ബിജെപി എംഎല്‍എ നടത്തിയ പരാമര്‍ശം വിവാദത്തില്‍. മൃതദേഹം കൊണ്ടുവരാന്‍ വിമാനത്തില്‍ കൂടുതല്‍ സ്ഥലം ആവശ്യമാണെന്ന് അരവിന്ദ് ബെല്ലാഡ് എംഎല്‍എയാണ് പറഞ്ഞത്. വിമാനത്തില്‍് ശവപ്പെട്ടി വെയ്ക്കാന്‍ ഉപയോഗിക്കുന്ന സ്ഥലത്ത് എട്ടു മുതല്‍ പത്തുവരെ ആളുകളെ ഉള്‍ക്കൊള്ളിക്കാനാകുമെന്നും ഹുബ്ലി-ധര്‍വാദ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ അരവിന്ദ് ബെല്ലാഡ് കൂട്ടിച്ചേര്‍ത്തു. 

ഉക്രൈനില്‍ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ണാടക സ്വദേശിയായ വിദ്യാര്‍ത്ഥി നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ബിജെപി എംഎല്‍എ. നവീന്റെ മൃതദേഹം കൊണ്ടുവരുന്നതിനായി സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തി വരികയാണ്. ഉക്രൈന്‍ യുദ്ധമേഖലയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോയെന്നും എംഎല്‍എ പറഞ്ഞു. ജീവിച്ചിരിക്കുന്നവരെ കൊണ്ടുവരുന്നത് തന്നെ വെല്ലുവിളി ഉയര്‍ത്തുന്ന ജോലിയാണ്. അതുകൊണ്ടുതന്നെ മൃതദേഹങ്ങള്‍ എത്തിക്കുന്നത് ബുദ്ധിമുട്ടാണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

ഖാര്‍കീവ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയായിരുന്ന നവീന്‍ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പുറത്തു പോയപ്പോളാണ് റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. 21 വയസായിരുന്നു. അതിര്‍ത്തിയിലേക്കുള്ള ട്രെയിനില്‍ കയറുന്നതിന് മുന്‍പായി ഭക്ഷണസാധനങ്ങള്‍ വാങ്ങാനുള്ള ക്യൂവില്‍ നില്‍ക്കുന്നതിനിടെയായിരുന്നു ആക്രമണം.