സുഹൃത്തിനെ കൊന്നു കുഴിച്ചു മൂടിയെന്ന മോഷണക്കേസ് പ്രതിയുടെ വെളിപ്പെടുത്തല്‍; മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി
പാലക്കാട് സുഹൃത്തിനെ കൊന്നു കുഴിച്ചുമൂടിയെന്ന് മോഷണക്കേസ് പ്രതി നടത്തിയ വെളപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസ് ആണ് സുഹൃത്തായ ലക്കിടി സ്വദേശി ആഷിഖിനെ കൊന്നു കുഴിച്ചു മൂടിയതായി വെളിപ്പെടുത്തിയത്. 2015ലെ മോഷണക്കേസില്‍ പട്ടാമ്പി പോലീസ് മുഹമ്മദ് ഫിറോസിനെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിലാണ് കേസിലെ കൂട്ടുപ്രതി കൂടിയായ ആഷിഖിനെ കൊലപ്പെടുത്തിയെന്ന് ഇയാള്‍ വെളിപ്പെടുത്തിയത്.
മൊഴിയുടെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം പാലപ്പുറത്തെ അഴീക്കല്‍പറമ്പില്‍ നടത്തിയ തെരച്ചിലില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഉച്ചയോടെ ആരംഭിച്ച തെരച്ചില്‍ രണ്ടു മണിക്കൂര്‍ നീണ്ടു. കഴിഞ്ഞ ഡിസംബറിലാണ് കൊല നടത്തിയതെന്നും മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചു മൂടിയെന്നുമായിരുന്നു ഫിറോസ് പറഞ്ഞത്. 2021 ഡിസംബര്‍ 17 മുതല്‍ ആഷിഖിനെ കാണാനില്ലെന്ന് നാട്ടുകാര്‍ പറയുന്നുണ്ട്. എന്നാല്‍ ഇയാളെ കാളാതായത് സംബന്ധിച്ച് പോലീസില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ല.
മൃതദേഹാവശിഷ്ടങ്ങള്‍ തിരിച്ചറിയാനുള്ള നടപടികളാണ് ഇനി ആരംഭിക്കാനുള്ളത്. ഷൊര്‍ണ്ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഒറ്റപ്പാലം, പട്ടാമ്പി പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.