അവസാന ഓവറിൽ ധോണി മാജിക്ക്; മുംബൈ ഏഴാമതും തോറ്റു

 | 
Dhoni

"വിന്റേജ് ധോണി" ആരാധകർക്ക് മുന്നിൽ അവതരിച്ചപ്പോൾ മുംബൈ ഇന്ത്യൻസിന് ഏഴാം തോൽവി. അവസാന ഓവറിൽ ജയിക്കാൻ 17 റൺസ് വേണ്ട കളിയിൽ അവസാന പന്തിൽ ബൗണ്ടറി പായിച്ചു ധോണി ചെന്നൈയെ വിജയത്തിൽ എത്തിച്ചു. 15 വർഷത്തെ ഐപിഎൽ മത്സരങ്ങൾക്കിടയിലും എംഎസ് ധോണിയുടെ കരിയറിനിടയിലും നാം നിരവധി തവണ കണ്ട കാഴ്ച്ച.

തകർന്നടിഞ്ഞു കൊണ്ടായിരുന്നു മുംബൈയുടെ തുടക്കം. ആദ്യ ഓവറിൽ തന്നെ 2 ഓപ്പണർമാരും റൺ എടുക്കാതെ പുറത്ത്. തീപന്തുകളുമായി മുകേഷ് ചൗധരി. മൂന്നാം ഓവറിൽ 4 റൺസ് എടുത്ത ബ്രെവിസ് പുറത്ത്. എന്നാൽ സൂര്യകുമാർ യാദവ്(32) ഒരറ്റത്ത് പൊരുതി നിന്നു. 51റൺസ് എടുത്തു പുറത്താകാതെ നിന്ന തിലക് വർമ്മയും 25 റൺസ് നേടിയ ഹൃത്വിക് ഷോകീനും ചേർന്ന് സ്കോർ 155ൽ എത്തിച്ചു.

ചെന്നൈയ്ക്കും ആദ്യ പന്തിൽ വിക്കറ്റ് നഷ്ടം. ഡാനിയേൽ സാംസ്‌ ഗെയ്‌ക്വാദിനെ മടക്കി. എന്നാൽ മൂന്നാം വിക്കറ്റിൽ  ഊത്തപ്പ(30), അമ്പാട്ടി റായിഡു (40) എന്നിവർ രക്ഷാപ്രവർത്തനം നടത്തി. ഡാനിയേൽ സാംസ്‌ 4 വിക്കറ്റ് വീഴ്ത്തി തിളങ്ങി എങ്കിലും ഒരറ്റത്ത് പിടിച്ചു നിന്ന ധോണിയും 14 പന്തിൽ 22 റൺസ് നേടിയ പ്രിട്ടോറിയസ്സും ചേർന്നു ടീമിനെ കരക്കെത്തിച്ചു. ധോണി 13 പന്തിൽ 28 റൺസ് നേടി. 

3 ഓവറിൽ 19 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി മുകേഷ് ചൗധരിയാണ് കളിയിലെ താരം.