ദിലീപ് ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ചു; കൃത്രിമത്വം നടത്തിയത് ഫോണ്‍ നല്‍കാന്‍ കോടതി ഉത്തരവിട്ടതിന് പിന്നാലെ

 | 
Dileep

ദിലീപിന്റെയും സംഘത്തിന്റെയും ഫോണുകളില്‍ നിന്ന് തെളിവുകള്‍ നശിപ്പിച്ചതായി ക്രൈംബ്രാഞ്ച്. തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് ആറു ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിച്ചതായി വ്യക്തമായത്. മുംബൈയിലെ ലാബ് സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന ലാബാണ് ഇതിനായുള്ള സഹായം നല്‍കിയത്. ജനുവരി 29, 30 തിയതികളിലായാണ് ഫോണുകളില്‍ കൃത്രിമത്വം നടന്നത്. ജനുവരി 29നാണ് ഫോണുകള്‍ കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. 

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ഫോണുകളിലെ തെളിവുകള്‍ ശേഖരിക്കണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. ദിലീപിന്റെ അഭിഭാഷകരാണ് ഫോണുകള്‍ മുബൈിയിലേക്ക് കൊറിയര്‍ അയച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. 4 ഫോണുകളാണ് അയച്ചത്. 

ജനുവരി 29ന് ഫോണുകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടതോടെ ജനുവരി 30ന് നാല് അഭിഭാഷകര്‍ മുംബൈയില്‍ എത്തി ഫോണുകള്‍ തിരികെ വാങ്ങുകയായിരുന്നു. മുംബൈയിലേക്ക് അയച്ച ഫോണുകളില്‍ രണ്ടെണ്ണം മാത്രമേ ഹാജരാക്കിയിട്ടുള്ളുവെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. ലാബ് അധികൃതരെയും ജീവനക്കാരെയും ചോദ്യം ചെയ്തിരുന്നു. നഷ്ടപ്പെട്ട വിവരങ്ങളില്‍ ഭൂരിഭാഗത്തിന്റെയും മിറര്‍ ഇമേജുകള്‍ വീണ്ടെടുക്കാനായിട്ടുണ്ട്.