ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കി ഹൈക്കോടതി

 | 
Dileep

ദിലീപിന് മുന്‍കൂര്‍ ജാമ്യം. ഉപാധികളോടെയാണ് ജാമ്യം. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ദിലീപിന് ജസ്റ്റിസ് പി. ഗോപിനാഥ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. ദിലീപിനും മറ്റ് 4 പ്രതികള്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനും സംഘത്തിനും എതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. 

ദിലീപിനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. ദിലീപിന്റെയും സംഘത്തിന്റെ ശബ്ദരേഖകളും വാട്‌സാപ്പ് ചാറ്റുകളും ഉള്‍പ്പെടെയുള്ള തെളിവുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ നല്‍കി. ജാമ്യം നല്‍കിയാല്‍ അത് നീതിന്യായ സംവിധാനത്തെ ജനങ്ങള്‍ അവിശ്വസിക്കാന്‍ കാരണമാകുമെന്നും ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് കോടതിയുടെ നടപടി. 

നേരത്തേ ദിലീപിനെ 33 മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ കോടതി അനുവദിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ സഹകരിക്കാതിരുന്നാല്‍ അറസ്റ്റില്‍ നിന്നുള്ള സംരക്ഷണം നഷ്ടമാകുമെന്ന് കോടതി അറിയിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ ചില ഘട്ടങ്ങളില്‍ ദിലീപ് സഹകരിക്കാതിരുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകളും പ്രോസിക്യൂഷന്‍ നല്‍കിയിരുന്നു. 

ദിലീപാണ് കേസിലെ ഒന്നാം പ്രതി. സഹോദരന്‍ അനൂപ്, സഹോദരിയുടെ ഭര്‍ത്താവ് സൂരജ്, ഡ്രൈവര്‍ അപ്പു, സുഹൃത്തുക്കളായ ബൈജു ചെങ്ങമനാട്, ഹോട്ടലുടമ കൂടിയായ ശരത് തുടങ്ങിയവരാണ് മറ്റു പ്രതികള്‍. അന്വേഷണ ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ അവര്‍ അനുഭവിക്കുമെന്ന് താന്‍ പറഞ്ഞത് ശാപവാക്കുകളായിരുന്നുവെന്നാണ് ദിലീപ് വാദിച്ചത്. തന്നോട് വ്യക്തിവൈരാഗ്യമുള്ള ഉദ്യോഗസ്ഥര്‍ കെട്ടിച്ചമച്ച കേസാണ് ഇതെന്നും ദിലീപ് വാദിച്ചിരുന്നു.