ദിലീപിന് തിരിച്ചടി; ഗൂഢാലോചനാക്കേസ് സ്‌റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി, അന്വേഷണം തുടരാം

 | 
Dileep

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളി. ദിലീപ് നല്‍കിയ ഹര്‍ജി 28-ാം തിയതിയിലേക്ക് മാറ്റി. 

കേസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു ദിലീപ് വാദിച്ചത്. ഗൂഢാലോചന നടത്തിയെന്നതിന് തെളിവുകളില്ലെന്നും നടിയെ ആക്രമിച്ച കേസ് നീട്ടിക്കൊണ്ടു പോകാനുള്ള ആസൂത്രിത നീക്കമാണ് പുതിയ കേസിലൂടെ ക്രൈംബ്രാഞ്ച് നടത്തുന്നതെന്നും ദിലീപ് ആരോപിച്ചിരുന്നു. എന്നാല്‍ കേസില്‍ നിര്‍ണ്ണായകമാകുമായിരുന്ന ഫോണ്‍ തെളിവുകള്‍ ദിലീപ് നശിപ്പിച്ചതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
 
ഫോണില്‍ നിന്ന് ചില ചാറ്റുകള്‍ ഉള്‍പ്പെടെ നീക്കിയതായി ദിലീപ് തന്നെ കോടതിയില്‍ സമ്മതിക്കുകയും ചെയ്തു. കേസുമായി ബന്ധമില്ലാത്ത സ്വകാര്യ സംഭാഷണങ്ങളാണ് ഫോണില്‍ നിന്ന് നീക്കം ചെയ്തതെന്ന് കഴിഞ്ഞ ദിവസം നല്‍കിയ സത്യവാങ്മൂലത്തില്‍ ദിലീപ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയ വിശദീകരണവും ഫോറന്‍സിക് റിപ്പോര്‍ട്ടും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന വാദവും ദിലീപ് ഉന്നയിച്ചിരുന്നു.