ഫോണില്‍ നിന്ന് നീക്കം ചെയ്തത് സ്വകാര്യ സംഭാഷണങ്ങളെന്ന് ദിലീപ് ഹൈക്കോടതിയില്‍

 | 
Dileep

ഫോണുകളില്‍ നിന്ന് തെളിവുകള്‍ നശിപ്പിച്ചിട്ടില്ലെന്ന വാദവുമായി ദിലീപ് ഹൈക്കോടതിയില്‍. നീക്കം ചെയ്തത് സ്വകാര്യ സംഭാഷണങ്ങളാണെന്നും ഇവ കേസുമായി ബന്ധമില്ലാത്തവയാണെന്നും ദിലീപ് അറിയിച്ചു. ഹാജരാക്കാന്‍ ആവശ്യപ്പെട്ട ഫോണില്‍ സ്വകാര്യ സംഭാഷണങ്ങളുണ്ടെന്ന വാദം നേരത്തേ പ്രതിഭാഗം ഉന്നയിച്ചിരുന്നു. മറുപടി സത്യവാങ്മൂലത്തിലാണ് പരാമര്‍ശങ്ങള്‍. 

ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് അടക്കം നല്‍കിക്കൊണ്ട് ക്രൈംബ്രാഞ്ച് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയായാണ് ദിലീപ് സത്യവാങ്മൂലം നല്‍കിയത്. ഫോണിലെ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള നിര്‍ണ്ണായക തെളിവുകള്‍ മുംബൈയിലെ ഫോറന്‍സിക് ലാബില്‍ വെച്ച് നീക്കം ചെയ്തതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട രേഖകളൊന്നും നശിപ്പിച്ചിട്ടില്ലെന്നാണ് ദിലീപിന്റെ വാദം. 

ദിലീപിന്റെ ജോലിക്കാരനായിരുന്ന ദാസന്‍ നല്‍കിയ മൊഴി വസ്തുതാവിരുദ്ധമാണെന്നും ദിലീപ് അറിയിച്ചു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചനാക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് പുതിയ നീക്കം.