ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളി; ബാലചന്ദ്രകുമാര്‍

 | 
Dileep

ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളിയാകുമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. പ്രതി പ്രബലനാണ്. അയാള്‍ പുറത്തെത്തിയതില്‍ ആശങ്കയുണ്ട്. കേസിനെ ഇത് ബാധിച്ചേക്കാമെന്നും സാക്ഷിയെന്ന നിലയില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ നിര്‍ദേശം അനുസരിച്ചായിരിക്കും താന്‍ ഇനി മുന്നോട്ടു പോകുകയെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. 

മുന്‍കൂര്‍ ജാമ്യ നടപടികള്‍ നീണ്ടു പോയതിനാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതിക്ക് കൂടുതല്‍ സമയം ലഭിച്ചതായും ബാലചന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു. തനിക്കെതിരായ പീഡന പരാതി കെട്ടിച്ചമച്ചതാണ്. പ്രതിഭാഗം പുറത്തുവിട്ട ഓഡിയോ ക്ലിപ്പില്‍ താനും ദിലീപുമായുള്ള സൗഹൃദ സംഭാഷണമാണെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി. അതില്‍ ഭീഷണിയുണ്ടായിരുന്നില്ലെന്ന് കേട്ടാല്‍ മനസിലാകുമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. 

കേസില്‍ ദിലീപിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് കര്‍ശന വ്യവസ്ഥകളോടെയാണ്. അന്വേഷണവുമായി ദിലീപും മറ്റു പ്രതികളും സഹകരിക്കണം. ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യം പ്രതികള്‍ നല്‍കണം. സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ല. പാസ്‌പോര്‍ട്ട് കോടതിയില്‍ നല്‍കണമെന്നും ജാമ്യ വ്യവസ്ഥയില്‍ വ്യക്തമാക്കിയിട്ടുണ്ട്.