ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ വിധി തിങ്കളാഴ്ച; പ്രതിഭാഗത്തിന് നാളെയും അവസരം

 | 
Dileep

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തിങ്കളാഴ്ച വിധി പറയുമെന്ന് ഹൈക്കോടതി. കേസില്‍ വാദം ശനിയാഴ്ച പൂര്‍ത്തിയാക്കി തിങ്കളാഴ്ച രാവിലെ 10.15ന് വിധി പുറപ്പെടുവിക്കും. ഹര്‍ജിയില്‍ പ്രോസിക്യൂഷന്‍ വാദമാണ് ഇന്ന് നടന്നത്. പ്രതിഭാഗം ഇന്നലെ ഉന്നയിച്ച വാദങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കിക്കൊണ്ടായിരുന്നു പ്രോസിക്യൂഷന്റെ വാദം. സ്വന്തം സഹപ്രവര്‍ത്തകയെ ബലാല്‍സംഗം ചെയ്യാന്‍ ഗൂഢാലോചന നടത്തിയ ആളാണ് ദിലീപെന്നും ബുദ്ധിപൂര്‍വം ഗൂഢാലോചന നടത്തി ദിലീപ് തന്ത്രപൂര്‍വം രക്ഷപ്പെടുകയാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ഈ കേസ് അസാധാരണമായ ഒന്നാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. 

അതേസമയം പ്രതിഭാഗത്തിന് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കുള്ളില്‍ പറയാമെന്ന് കോടതി വ്യക്തമാക്കി. പ്രോസിക്യൂഷന്‍ ഉന്നയിച്ച വിഷയങ്ങളെക്കുറിച്ച് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സമയം അനുവദിച്ചത്. ദിലീപിന്റേത് കേവലം ശാപവാക്കുകളല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ദിലീപ് ശ്രമിച്ചെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. വിധി പറയാനുണ്ടാകുന്ന കാലതാമസം അന്വേഷണത്തെ ബാധിക്കും. ഉദ്യോഗസ്ഥര്‍ക്ക് പണികൊടുക്കണമെന്ന് പറയുന്നത് എങ്ങനെയാണ് ശാപവാക്കുകളായി കാണാന്‍ കഴിയുന്നത്. ഇത്തരം സംസാരമുണ്ടായത് ഉദ്യോഗസ്ഥരെ വധിക്കാനുള്ള തീരുമാനം എടുത്തിന് ശേഷമാണ്. കേസില്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന ആരോപണമാണ് പരിഗണിക്കേണ്ടത്, കുറ്റകൃത്യം നടത്തിയിട്ടില്ലെന്നത് അല്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

കേസിന് പിന്നില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വ്യക്തിവൈരാഗ്യമല്ല. ക്രൈംബ്രാഞ്ചിന് ഈ കേസുമായി ബന്ധപ്പെട്ട് ദുരുദ്ദേശ്യമില്ല. ബാലചന്ദ്രകുമാറുമായി അന്വേഷണ ഉദ്യോഗസ്ഥന് ബന്ധമില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സിന് എന്തിനാണ് വൈരാഗ്യമെന്നാണ് ദിലീപ് ചോദിച്ചത്. ദിലീപ് അന്വേഷണത്തോട് സഹകരിച്ചില്ലെന്ന് പറയാനാകില്ല. മൂന്നു ദിവസം രാവിലെ 9 മണി മുതല്‍ രാത്രി 8 മണി വരെ ചോദ്യം ചെയ്തു. ഫോണിന്റെ പാറ്റേണ്‍ ചോദിച്ചപ്പോള്‍ ഉടനെ കൊടുത്തു. പോലീസ് പറയുന്നത് പ്രോസിക്യൂഷന്‍ ഏറ്റുപറയുകയാണെന്നും പ്രതിഭാഗം പറഞ്ഞിരുന്നു. ഗൂഢാലോചനാക്കുറ്റം നിലനില്‍ക്കുമോ എന്നായിരുന്നു കോടതി ചോദിച്ചത്. ഏതെങ്കിലും സ്ഥലത്തിരുന്നുകൊണ്ടുള്ള സംസാരം ഗൂഢാലോചനയാകുമോ എന്നും കോടതി ചോദിച്ചു. 

എന്നാല്‍ ഗൂഢാലോചനയ്ക്ക് ബാലചന്ദ്രകുമാര്‍ സാക്ഷിയാണെന്നും ഇതൊരു അസാധാരണ കേസാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ദിലീപിന്റെ ഗൂഢാലോചനയെക്കുറിച്ച് ബാലചന്ദ്രകുമാര്‍ ഭാര്യയോട് സംസാരിച്ചിരുന്നു. പോലീസില്‍ അറിയിക്കുന്നതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ജീവന് ഭീഷണിയുണ്ടാകുമെന്ന് ഭാര്യ പറഞ്ഞു. ഭാര്യയുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ബാലചന്ദ്രകുമാറിന്റെ മൊഴി വിശ്വാസത്തിലെടുക്കാനാകില്ലെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും ഒരു വ്യക്തിയുടെ മൊഴി വിശ്വാസത്തിലെടുക്കുന്നത് സംബന്ധിച്ചുള്ള കോടതി വിധികള്‍ ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ പ്രതിരോധിച്ചു. 

ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തിയതോടെ പ്രതികളുടെ ഫോണുകള്‍ കാണാതായി. തെറ്റുകാരല്ലെങ്കില്‍ എന്തിനാണ് ഫോണ്‍ മാറ്റിയത്. നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ കൂറുമാറ്റി. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് രണ്ടു കേസുകള്‍ നിലവിലുണ്ട്. ദിലീപിന്റെ വീട്ടിലെ കെയര്‍ടേക്കറിനെ മൊഴിയെടുക്കുന്നതിനായി വിളിച്ചു വരുത്തി. ദിലീപ് ഇയാളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി മൊഴിയുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യ്ക്തമാക്കി.