ദിലീപിന്റെ ഫോണുകള്‍ മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറാന്‍ നിര്‍ദേശം; ജാമ്യാപേക്ഷയില്‍ വിധി വീണ്ടും മാറ്റി

 | 
Dileep

ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ഫോണുകള്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറാന്‍ നിര്‍ദേശം. അന്വേഷണസംഘത്തിന് ഈ ഫോണുകള്‍ക്കായി മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാം. മുന്‍കൂര്‍ ജാമ്യാപേക്ഷാ ഹര്‍ജി പരിഗണിക്കുന്നതിനിടെ ഫോണുകളുടെ പരിശോധന സംബന്ധിച്ചായിരുന്നു ഇന്നത്തെ കോടതി നടപടികള്‍. ജാമ്യാപേക്ഷയിലെ വിധി വ്യാഴാഴ്ചത്തേക്ക് മാറ്റി. 

ആവശ്യപ്പെട്ട ഫോണുകളില്‍ മൂന്നെണ്ണം ദിലീപ് ഹാജരാക്കിയിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. ഉപയോഗിച്ചിട്ടില്ലെന്ന് ദിലീപ് അവകാശപ്പെടുന്ന ഫോണിന്റെ വിവരങ്ങളും പ്രോസിക്യൂഷന്‍ കൈമാറി. ഈ ഫോണില്‍ നിന്ന് 2000 കോളുകള്‍ വിളിച്ചിട്ടുണ്ടെന്നതുള്‍പ്പെടെയുള്ള വിശദാംശങ്ങളാണ് നല്‍കിയത്. പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യവും പ്രോസിക്യൂഷന്‍ ഉന്നയിച്ചു. 

ഏറ്റവും പ്രധാനപ്പെട്ട ഫോണ്‍ ദിലീപ് കൈമാറിയിട്ടില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് അറിയിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി രജിസ്ട്രിയില്‍ മുദ്രവെച്ച കവറില്‍ നല്‍കിയ ഫോണുകള്‍ കോടതി നേരിട്ടു പരിശോധിച്ചു. പ്രോസിക്യൂഷന്‍ അഭിഭാഷകരും ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്‍ അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥരും ഫോണുകള്‍ പരിശോധിച്ചു. സൈബര്‍ വിദഗ്ധരും പ്രതിഭാഗവും ഫോണുകളുടെ പരിശോധനയില്‍ പങ്കെടുത്തു.