തുടരന്വേഷണം തടയരുത്; ദിലീപിന്റെ ഹര്‍ജി തള്ളണമെന്ന് നടി ഹൈക്കോടതിയില്‍
തുടരന്വേഷണം നിര്‍ത്തിവെക്കണമെന്ന ദിലീപിന്റെ ഹര്‍ജിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് ആക്രമണത്തിന് ഇരയായ നടി. തുടരന്വേഷണം തടയരുതെന്ന് ദിലീപിന്റെ കേസില്‍ കക്ഷിചേരാനുള്ള അപേക്ഷയില്‍ നടി ആവശ്യപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഹര്‍ജി പരിഗണിക്കും. ഇരയായ തന്റെ അഭിപ്രായം കൂടി കേട്ടതിന് ശേഷം മാത്രമേ കേസില്‍ തീരുമാനം എടുക്കാവൂ എന്ന് നടി അപേക്ഷയില്‍ വ്യക്തമാക്കുന്നു.
വിചാരണക്കോടതിയുടെ അനുമതിയില്ലാതെയാണ് കേസില്‍ തുടരന്വേഷണം നടത്തുന്നതെന്നും അതിനാല്‍ അന്വേഷണം നിര്‍ത്തിവെക്കണമെന്നുമാണ് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ കോടതിയുടെ അനുമതിയുടെ അടിസ്ഥാനത്തിലാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നതെന്ന് നടി ചൂണ്ടിക്കാട്ടുന്നു.
കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ വന്നതിന്റെ പശ്ചാത്തലത്തില്‍ തുടരന്വേഷണം വേണം. തുടരന്വേഷണം വേണമോ എന്നത് അന്വേഷണ ഉദ്യോഗസ്ഥന് തീരുമാനിക്കാമെന്നും ദിലീപിന്റെ ഹര്‍ജി തള്ളണമെന്നും നടി ആവശ്യപ്പെടുന്നു.