കൊച്ചി മെട്രോ നിര്‍മാണത്തില്‍ പിശകു പറ്റിയെന്ന് സമ്മതിച്ച് ഇ.ശ്രീധരന്‍; വീഴ്ച ഡിഎംആര്‍സി പരിശോധിക്കും

 | 
E Sreedharan

 
കൊച്ചി മെട്രോ പില്ലര്‍ നിര്‍മാണത്തില്‍ പിശകു പറ്റിയതായി സമ്മതിച്ച് ഇ.ശ്രീധരന്‍. പത്തടിപ്പാലത്തെ മെട്രോ തൂണ്‍ ചെരിഞ്ഞ സംഭവത്തിലാണ് പിഴവ് ഏറ്റുപറഞ്ഞ് ശ്രീധരന്‍ രംഗത്തെത്തിയിരിക്കുന്നത്. നിര്‍മാണത്തിലുണ്ടായ വീഴ്ച ഡിഎംആര്‍സി പരിശോധിക്കുമെന്നും ശ്രീധരന്‍ വ്യക്തമാക്കി. ജിയോ ടെക്‌നിക്കല്‍ സ്റ്റഡിയിലാണ് 347-ാം നമ്പര്‍ പില്ലറില്‍ ചെരിവ് കണ്ടെത്തിയത്. 

തൂണിന് വേണ്ടി നടത്തിയ പൈലിംഗ് പാറയിലേക്ക് എത്തിയിട്ടില്ലെന്നാണ് പഠനത്തില്‍ വ്യക്തമായത്. പത്തു മീറ്റര്‍ താഴെയാണ് തൂണ്‍ നില്‍ക്കുന്ന സ്ഥലത്തെ പാറ. മണ്ണിനടിയില്‍ പാറ കണ്ടെത്തുന്നതു വരെ പൈലിംഗ് നടത്തി പാറ തുരന്ന് പൈലിംഗ് ഉറപ്പിക്കുകയാണ് ചെയ്യേണ്ടത്. എന്നാല്‍ ഈ തൂണിന്റെ പൈലിംഗ് പാറയ്ക്ക് ഒരു മീറ്റര്‍ മുകളില്‍ എത്തി നില്‍ക്കുകയാണ്. 

മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് തൂണിന്റെ നിര്‍മാണം നടത്തിയിരിക്കുന്നതെന്നാണ് കണ്ടെത്തല്‍. ഒരു മാസം മുന്‍പാണ് തൂണിന് ചെരിവുള്ളതായി കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് പ്രദേശത്ത് വേഗനിയന്ത്രണം ഉള്‍പ്പെടെ നടപ്പാക്കിയിരുന്നു. ഡിഎംആര്‍സി മുഖ്യ ഉപദേശകനായ ഇ.ശ്രീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രദേശത്ത് പരിശോധന നടത്തിയിരുന്നു.