ഇപിഎൽ: കിരീടപ്പോരാട്ടത്തിൽ ലിവർപൂളിന് തിരിച്ചടി; ടോട്ടനവുമായി സമനില. മാഞ്ചസ്റ്റർ യുണൈറ്റഡിന് കനത്ത തോൽവി
ഇംഗ്ലീഷ് പ്രീമിയർ കിരീടപ്പോരാട്ടത്തിൽ ലിവർപൂളിന് കനത്ത തിരിച്ചടി. അന്റോണിയോ കോണ്ടെയുടെ ടോട്ടനവുമായി നടന്ന മത്സരം ഒരു ഗോൾ സമനിലയിൽ പിരിഞ്ഞതോടെ സിറ്റിക്ക് മൂന്ന് പോയിന്റ് ലീഡ് നേടാനുള്ള അവസരമാണ് വന്നിരിക്കുന്നത്. സൺ ഹ്യൂങ് മിൻ നേടിയ ഗോളിൽ രണ്ടാം 56ാം മിനിറ്റിൽ ലീഡ് എടുത്ത ടോട്ടനത്തിനെ 74ാം മിനിറ്റിൽ ലൂയിസ് ഡിയാസ് നേടിയ ഗോളിലൂടെ ലിവർപൂൾ സമനിലയിൽ പിടിച്ചു. ഇന്ന് നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ന്യൂകാസിൽ യുണൈറ്റഡിനെ തോൽപ്പിക്കാനായാൽ ലീഡ് മൂന്നു പോയിന്റായി ഉയർത്താം.
35 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ലിവർപൂളിനും 34 മത്സരങ്ങൾ കളിച്ച സിറ്റിക്കും 83 പോയിന്റാണ് ഉള്ളത്. ഗോൾ ശരാശരിയിൽ ലിവർപൂൾ ഒരു ഗോളിന് മുന്നിലാണ്. സിറ്റി തോറ്റുകൊണ്ട് ലിവർപൂളിന് കിരീടം കിട്ടാനുള്ള സാധ്യത താൻ കാണുന്നില്ലെന്ന് ലിവർപൂൾ കോച്ച് യുർഗാൻ ക്ലോപ്പ് പറഞ്ഞു.
മറ്റൊരു മത്സരത്തിൽ ബ്രൈറ്റൺ മാഞ്ചസ്റ്റർ യുണൈറ്റഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്തുവിട്ടു. മോയ്സസ് കയ്സീഡോ, മാർക്ക് കുക്കുറല്ല, പാസ്ക്കൽ ഗ്രോബ് ലിയനാർഡോ ട്രൊസാർഡ് എന്നിവരാണ് ഗോളടിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പടെയുള്ള മുന്നേറ്റ നിരയുണ്ടായിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടു.
സൗത്താംപ്റ്റണെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി ബ്രെന്റ്ഫോർഡ് വിലപ്പെട്ട മൂന്ന് പോയിന്റ് സ്വന്തമാക്കി. റൊമേലോ ലുക്കാക്കു നേടിയ ഇരട്ട ഗോളിൽ മുന്നിട്ടു നിന്ന ചെൽസിയെ 79, 97 മിനിറ്റുകളിൽ നേടിയ ഗോളിലൂടെ വൂൾവ്സ് സമനിലയിൽ പിടിച്ചു. ഫ്രാൻസിസ്കോ ട്രിയാൻകോ, കൊണോർ കോഡി എന്നിവരാണ് ഗോളുകൾ നേടിയത്.
ബേൺലിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആസ്റ്റൺ വില്ല തോൽപ്പിച്ചു. ക്രിസ്റ്റൽ പാലസിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റതോടെ വാറ്റ്ഫോഡ് തരംതാഴ്ത്തപ്പെട്ടു. എവർട്ടൺ, ലീഡ്സ്, ബേൺലി എന്നീ ടീമുകളിൽ ഒരു ടീമായിരിക്കും തരംതാഴ്ത്തലിൽ മൂന്നാം സ്ഥാനത്ത് എത്തുക. നോർവിച്ച് സിറ്റിയാണ് ആദ്യം ഇപിഎല്ലിൽ നിന്നും പുറത്തായ ടീം.