കര്‍ഷകര്‍ക്ക് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാം, ഐടി പാര്‍ക്കുകളില്‍ വൈന്‍ പാര്‍ലറുകള്‍; മദ്യനയത്തിന് അംഗീകാരം

 | 
Liqour Policy

സംസ്ഥാനത്ത് പുതുക്കിയ മദ്യനയത്തിന് അംഗീകാരം. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് മദ്യനയത്തിന് അംഗീകാരം നല്‍കിയത്. ഐടി പാര്‍ക്കുകളില്‍ വൈന്‍ പാര്‍ലറുകള്‍ തുറക്കാമെന്ന ഐടി സെക്രട്ടറിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു. ഇതിനൊപ്പം പഴവര്‍ഗ്ഗങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. 

എല്ലാ മാസവും ഒന്നാം തിയതികളിലുള്ള ഡ്രൈ ഡേ തുടരും. മദ്യശാലകളിലെ നീണ്ട ക്യൂ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. വോക്ക് ഇന്‍ സംവിധാനത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് എല്ലായിടത്തും പ്രീമിയം കൗണ്ടറുകള്‍ തുറക്കാനാണ് നീക്കം. ഇതിലൂടെ ആവശ്യമായ മദ്യം ഷെല്‍ഫുകളില്‍ നിന്ന് സ്വയം തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം ലഭിക്കും. 

സംസ്ഥാനത്ത് നൂറിലേറെ വിദേശമദ്യ ചില്ലറ വില്‍പന ശാലകള്‍ ആരംഭിക്കാനും നിര്‍ദേശമുണ്ട്. ജനവാസ മേഖലകളില്‍ നിന്ന് മാറി മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തിലായിരിക്കും ഇവ സ്ഥാപിക്കുക. ഐടി മേഖലയിലെ മദ്യശാലകള്‍ ഫൈവ് സ്റ്റാര്‍ നിലവാരത്തിലായിരിക്കും.