ചലച്ചിത്ര താരം കോട്ടയം പ്രദീപ് അന്തരിച്ചു
നടൻ കോട്ടയം പ്രദീപ് (61) അന്തരിച്ചു. പുലര്‍ച്ചെ 4.15-ഓടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സുഹൃത്തിനൊപ്പം ആശുപത്രിയില്‍ എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോട്ടയത്ത് തിരുവാതുക്കൽ സ്വദേശിയാണ്. ഭാര്യ മായ. മകൾ വിഷ്ണു, വൃന്ദ.
ഐവി ശശി സംവിധാനം ചെയ്ത 'ഈ നാട് ഇന്നലെ വരെ' എന്ന ചിത്രത്തിലൂടെയാണ് ജൂനിയർ ആർട്ടിസ്റ്റായി കരിയർ ആരംഭിച്ച പ്രദീപ് അഭിനയ രംഗത്തെത്തുന്നത്. വിണ്ണൈത്താണ്ടി വരുവായാ, തട്ടത്തിൻ മറയത്ത്, ആട്, വടക്കന്‍ സെല്‍ഫി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, തോപ്പില്‍ ജോപ്പന്‍, കുഞ്ഞിരാമായണം തുടങ്ങിയവ പ്രധാന ചിത്രങ്ങളായിരുന്നു.
ഗൗതം മേനോന്‍ സംവിധാനം ചെയ്ത് 2010 ല്‍ ഇറങ്ങിയ 'വിണ്ണെ താണ്ടി വാരുവായ' എന്ന തമിഴ് ചിത്രമാണ് കോട്ടയം പ്രദീപിന്‍റെ കരിയര്‍ മാറ്റിമറിച്ചത്. ഇതില്‍ ഇദ്ദേഹം അവതരിപ്പിച്ച 'മലയാളിയായ' തൃഷയുടെ അമ്മാവന്‍ കഥാപാത്രവും അതിന്‍റെ ഡയലോഗും ഏറെ ശ്രദ്ധിക്കപ്പെട്ടു.
സിനിമ പാശ്ചത്തലമില്ലാത്ത ഒരു കുടുംബത്തില്‍ നിന്നാണ് പ്രദീപ് സിനിമയില്‍ എത്തിയത്. പഠത്തിന് ശേഷം മൂന്നാലു വർഷം സഹോദരിയുടെ മെഡിക്കൽ ഷോപ്പ് നോക്കി നടത്തി. പിന്നെ എൽഐസിയിൽ അസിസ്റ്റന്റായി ജോലി കിട്ടി. അടുത്ത വർഷം കല്യാണവും കഴിച്ചു. അതിനു ശേഷം ജൂനിയർ ആർട്ടിസ്റ്റ് ആയിട്ടാണ് ‘സിനിമാ ജീവിതം’ തുടങ്ങുന്നത്. സുഹൃത്ത് ആർട്ടിസ്റ്റ്– കോ ഓർഡിനേറ്റർ റഫീഖാണ് ഇദ്ദേഹത്തെ സിനിമയില്‍ എത്തിച്ചത്.