ഉക്രൈനില്‍ നിന്ന് ഒഴിപ്പിച്ച ഇന്ത്യക്കാരുമായി ആദ്യവിമാനം ബുക്കാറസ്റ്റില്‍ നിന്ന് പുറപ്പെട്ടു; സംഘത്തില്‍ 19 മലയാളികള്‍
ഉക്രൈനില്‍ നിന്ന് റോമേനിയന്‍ തലസ്ഥാനമായ ബുക്കാറസ്റ്റിലെത്തിയ ഇന്ത്യക്കാരുടെ ആദ്യസംഘം പുറപ്പെട്ടു. എയര്‍ഇന്ത്യയുടെ പ്രത്യേക വിമാനമാണ് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.45ന് മുംബൈയിലേക്ക് തിരിച്ചത്. വിമാനം രാത്രി 9.30ന് മുംബൈയില്‍ എത്തും. 219 യാത്രക്കാരാണ് വിമാനത്തില്‍ ഉള്ളത്. ഇവരില്‍ 19 പേര്‍ മലയാളികളാണ്.
റൊമേനിയയിലേക്ക് രണ്ടു വിമാനങ്ങളാണ് എത്തിയത്. പോളണ്ട്, ഹംഗറി എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചും ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഹംഗറിയിലെ ബുഡാപെസ്റ്റിലേക്ക് എയര്‍ ഇന്ത്യ വിമാനം ഉടന്‍ പുറപ്പെടും. 16,000ത്തോളം ഇന്ത്യക്കാര്‍ ഉക്രൈനില്‍ ഉണ്ടെന്നാണ് വിവരം. ഇവരില്‍ 2300ഓളം പേര്‍ മലയാളികളാണ്.
മൂന്ന് ബസുകളിലായി 240 പേരാണ് ഇന്ന് ബുക്കാറസ്റ്റില്‍ എത്തിയത്. പോളണ്ട് അതിര്‍ത്തി വഴി രക്ഷപ്പെടാന്‍ ശ്രമിച്ച ചില ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.