വനം മന്ത്രി ഇടപെട്ടു; മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെതിരെ വനംവകുപ്പ് കേസെടുക്കില്ല

 | 
Babu

പാലക്കാട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെതിരെ വനംവകുപ്പ് കേസെടുക്കില്ല. മുഖ്യ വനപാലകനുമായി ഇക്കാര്യം സംസാരിച്ചെന്നും നടപടി നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയതായും വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. സംരക്ഷിത വനമേഖലയില്‍ അതിക്രമിച്ചു കടന്നതിനാണ് ബാബുവിനെതിരെ കേസെടുക്കാന്‍ വനംവകുപ്പ് ഒരുങ്ങിയത്. കേരള ഫോറസ്റ്റ് ആക്ട് പ്രകാരമായിരുന്നു നടപടി. 

ബാബു കുടുങ്ങിയ കൂര്‍മ്പാച്ചി മല സംരക്ഷിത വനമേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. വനംവകുപ്പിന്റെ അനുമതിയില്ലാതെ ഇവിടേക്ക് പ്രവേശിക്കാന്‍ സാധിക്കില്ല. ഒരു വര്‍ഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമായിരുന്നു ബാബുവിന് മേല്‍ ചുമത്താനിരുന്നത്. കേസെടുക്കുന്നതിന് മുന്നോടിയായി വാളയാര്‍ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ ബാബുവിന്റെ മൊഴിയെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

ബാബുവിനൊപ്പം മലകയറിയവരുടെ മൊഴിയെടുക്കാനും നീക്കമുണ്ടായിരുന്നു. 46 മണിക്കൂറിന് ശേഷമാണ് പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തിയത്. സൈന്യവും പോലീസും ദുരന്ത നിവാരണ സേനയും ഫയര്‍ഫോഴ്‌സും നാട്ടുകാരും ഉള്‍പ്പെട്ട സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണ്. ്‌